play-sharp-fill
അടിക്ക് തിരിച്ചടി; ഓസ്കാർ ചടങ്ങുകളിൽ നിന്ന് വിൽ സ്മിത്തിന് പത്ത് വർഷത്തേക്ക് വിലക്ക്

അടിക്ക് തിരിച്ചടി; ഓസ്കാർ ചടങ്ങുകളിൽ നിന്ന് വിൽ സ്മിത്തിന് പത്ത് വർഷത്തേക്ക് വിലക്ക്

സ്വന്തം ലേഖകൻ

ലോസ് ആഞ്ചലസ്: ഓസ്കാർ അവാർഡ് വിതരണത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച ഹോളിവുഡ് നടൻ വിൽ സ്മിത്തിന് പത്ത് വർഷത്തേക്ക് വിലക്ക്. ഓസ്കാർ ചടങ്ങിലും അക്കാദമിയുടെ മുഴുവൻ പരിപാടികളിലും പങ്കെടുക്കുന്നതിനുമാണ് വിലക്ക്. അക്കാദമി ബോർഡ് ഓഫ് ​ഗവേർണേഴ്സിന്റേതാണ് തീരുമാനം.


അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനും സ്മിത്തിന് അനുവാദമില്ല. അതേസമയം വിൽ സ്മിത്തിന്റെ ഓസ്കാർ അസാധുവാക്കിയിട്ടില്ല. കൂടാതെ ഭാവിയിൽ ഓസ്‌കാർ നോമിനേഷനുകളിൽ നിന്ന് വിലക്ക് ഉണ്ടാകുമോ എന്നും അക്കാദമി അം​ഗങ്ങളുടെ പേരിൽ പുറത്തുവന്ന കത്തിൽ പറയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്തടി വിവാദമായതോടെ ഓസ്‌കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് നേരത്തെ രാജി വെച്ചിരുന്നു. അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം.

സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. ഓസ്‌ക്കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു.

ഓസ്കാർ അവാർഡ് ചടങ്ങിൽ തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു.