
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലന്‍സ്.
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലാണ് ആംബുലന്‍സ് സജ്ജീകരിക്കുന്നത്. അവശനിലയിലാകുന്ന നാട്ടാനകള്‍, പുനരധിവാസ കേന്ദ്രത്തിലുള്ളവ, കാട്ടില്‍നിന്ന് ലഭിക്കുന്ന കുട്ടിയാനകള്‍ എന്നിവയെ സുരക്ഷിതമായി എത്തിക്കാനാണ് ഈ ആംബുലന്‍സ്.
സുരക്ഷിതമായി നില്‍ക്കാനുള്ള സംവിധാനം, കുടിവെള്ള ടാങ്ക്, പാപ്പാനിരിക്കാനുള്ള സൗകര്യം, ആനയുടെ ചലനങ്ങള്‍ ഡ്രൈവര്‍ക്ക് നിരീക്ഷിക്കാനുള്ള കാമറ എന്നിവയുണ്ടാകും. വാഹനത്തിലേക്ക് ആനയ്ക്ക് എളുപ്പം കയറാന്‍ റാമ്ബും പത്ത് ടണ്‍ ഭാരംവരെ വലിച്ചുകയറ്റാന്‍ കഴിയുന്ന സംവിധാനവുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊപ്പം മെഡിക്കല്‍ സംഘവും മറ്റൊരു വാഹനത്തില്‍ പിന്തുടരും. കോട്ടൂരില്‍ രണ്ട് ആംബുലന്‍സാണ് തയ്യാറാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ആന ആംബുലന്‍സുകളുടെ എണ്ണം നാലാകും. നേരത്തേ വയനാട്ടില്‍ രണ്ടെണ്ണം ലഭ്യമാക്കിയിരുന്നു.
ഹെവി ട്രക്ക് ഷാസികള്‍ വാങ്ങിക്കഴിഞ്ഞതായി കോട്ടൂര്‍ ആനപരിപാലന കേന്ദ്രം സ്പെഷ്യല്‍ ഓഫീസര്‍ കെ ജി വര്‍ഗീസ് അറിയിച്ചു. ഷാസിയില്‍ പ്രത്യേകമായി ബോഡി ചെയ്ത് ആംബുലന്‍സുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡറുകള്‍ 11 വരെ സമര്‍പ്പിക്കാം.
ആംബുലന്‍സ് ട്രക്കുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബുധന്‍ ട്രക്ക് ബോഡി നിര്‍മാതാക്കളുടെ ഓണ്‍ലൈന്‍ മീറ്റീങ് വനം വകുപ്പ് സംഘടിപ്പിക്കും. ടെന്‍ഡര്‍ നടപടികളുടെ മുന്നോടിയായുള്ള പ്രീ ബിഡ് മീറ്റിങ്ങാണിത്.
ഗൂഗിള്‍ മീറ്റില്‍ https://meet.google.com/zmj-asre-xaw ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം. ഫോണ്‍: 9744003493



