play-sharp-fill
റെജിലാലിന്റെ വിയോഗമറിയാത്തതിനാല്‍ ഇന്ന് വീട്ടില്‍ പത്രമിട്ടില്ല; വീടിന്റെ പരിസരത്ത് പോകാതെയും കൂട്ടം കൂടുകയും ചെയ്യാതെ നാട്ടുകാര്‍; എല്ലാ വേദനയും ഒറ്റയ്ക്ക് പേറി ഒരച്ഛനും; മകൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുകാരും; ജാനകിക്കാട് പുഴയില്‍ പൊലിഞ്ഞ യുവാവിന്റെ മരണം ഒരു നാടിന് നൊമ്പരമാകുമ്പോള്‍..

റെജിലാലിന്റെ വിയോഗമറിയാത്തതിനാല്‍ ഇന്ന് വീട്ടില്‍ പത്രമിട്ടില്ല; വീടിന്റെ പരിസരത്ത് പോകാതെയും കൂട്ടം കൂടുകയും ചെയ്യാതെ നാട്ടുകാര്‍; എല്ലാ വേദനയും ഒറ്റയ്ക്ക് പേറി ഒരച്ഛനും; മകൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുകാരും; ജാനകിക്കാട് പുഴയില്‍ പൊലിഞ്ഞ യുവാവിന്റെ മരണം ഒരു നാടിന് നൊമ്പരമാകുമ്പോള്‍..

സ്വന്തം ലേഖകൻ

കടിയങ്ങാട്: ജാനകിക്കാട് പുഴയില്‍ മുങ്ങിമരിച്ച റെജിലാലിന്റെ മരണ വാര്‍ത്ത ഇനിയും വീട്ടുകാരെ അറിയിച്ചിട്ടില്ല.


മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും തിരികെ വരുമെന്നുമാണ് വീട്ടിലുള്ളവരുടെ പ്രതീക്ഷ. ഇതുകൊണ്ട് തന്നെ മരണവാര്‍ത്ത അറിയാതിരിക്കാന്‍ ഇന്ന് വീട്ടില്‍ പത്രം ഇട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരെ അറിയിക്കാതിരിക്കാനായി നാട്ടുകാര്‍ ആരും തന്നെ സ്ഥലത്ത് കൂട്ടം കൂടുകയോ ഒന്നും ചെയ്യുന്നുമില്ല. വിവരമറിഞ്ഞെത്തുന്നവരെ നാട്ടുകാര്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളത്.

റെജിലാലിന്റെ അച്ഛനും സഹോദരനും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഭാര്യയുടെ അച്ഛനും മാത്രമാണ് റെജിലാല്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിയാവുന്നത്. ഗള്‍ഫിലുള്ള റെജിലാലിന്റെ സഹോദരന്‍ എത്താനായാണ് കാത്തിരിപ്പ്. മൃതശരീരം ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റദുലാല്‍ വീട്ടില്‍ എത്തിയ ശേഷം രാത്രി തന്നെ സംസ്‌ക്കാരം നടത്തും. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമായ യുവാവിന്റെ മരണ വാര്‍ത്ത വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.

ചവറംമൂഴി പുഴത്തീരത്ത് കഴിഞ്ഞ ദിവസം സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ കനിക കാല്‍വഴുതി പുഴയിലേക്ക് വീണപ്പോള്‍ രക്ഷിക്കാന്‍ എടുത്ത് ചാടിയതാണ് റെജിലാല്‍. ജാനകി പുഴയില്‍ ആയിരുന്നു അപകടം നടന്നത്. ഇന്ന് പ്രദേശത്ത് കനത്ത മഴ ആയതിനാലും കഴിഞ്ഞദിവസം മരണം നടന്നതിനാലും പുഴയിലേക്കുള്ള ആളുകളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

അതേസമയം ഭാര്യ കനിക ആശുപത്രിയില്‍ ചികിത്സയിലാണ്. കനികയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടുകാരെ പോലെത്തന്നെ കനികയ്ക്കും റെജിലാലിന്റെ മരണവാര്‍ത്ത അറിയില്ല.