video
play-sharp-fill
ഇന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മദിനം

ഇന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മദിനം

സ്വന്തം ലേഖകൻ

കോഴിക്കോട്: 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികനാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവത്യാഗം ചെയ്തത്. താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.

ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്. ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിലാണ് സന്ദീപ് തന്റെ 14 വർഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ൽ ഇവിടെനിന്ന് ശാസ്ത്രത്തിൽ ബിരുദവും നേടി. പഠനകാലത്ത് കായിക ഇനങ്ങളിൽ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്‌കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെന്റിൽ ചേർന്നു. കരസേനയിലെ സൈനികജീവിതത്തിനിടയിൽ ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.

ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സർക്കാർ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു.