play-sharp-fill
ഞാലിയാകുഴി എമറാൾഡ് ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചത് മർദ്ദനത്തെ തുടർന്ന്; തലയ്ക്കും ഹൃദയത്തിനും ക്ഷതമേറ്റതായി റിപ്പോർട്ട്; രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു; ബാറിൽ നിയമാനുസൃതമായ പ്രവർത്തനസമയം കഴിഞ്ഞും മദ്യ കച്ചവടം സുലഭം; മദ്യ കച്ചവടത്തിന് ഗുണ്ടകളുടെ കാവൽ

ഞാലിയാകുഴി എമറാൾഡ് ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചത് മർദ്ദനത്തെ തുടർന്ന്; തലയ്ക്കും ഹൃദയത്തിനും ക്ഷതമേറ്റതായി റിപ്പോർട്ട്; രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു; ബാറിൽ നിയമാനുസൃതമായ പ്രവർത്തനസമയം കഴിഞ്ഞും മദ്യ കച്ചവടം സുലഭം; മദ്യ കച്ചവടത്തിന് ഗുണ്ടകളുടെ കാവൽ

സ്വന്തം ലേഖകൻ

കോട്ടയം: വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു യുവാവ് മരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.


വാകത്താനം തൃക്കോതമംഗലം കളരിക്കല്‍ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ഋഷികേശന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വര്‍ഗീസാണ് (40) മരിച്ചത്. തലയ്ക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നെഞ്ചിലും, തലയിലും ജിനുവിന് ചതവേറ്റിട്ടുണ്ട്.

എമറാൾഡ് ബാറിന് മുന്നിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഈ സംഘര്‍ഷത്തിലാണ് ജിനുവിന് മര്‍ദനമേറ്റത്ത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങള്‍ തമ്മില്‍ ബാറിനു മുന്നില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ ഒരു സംഘം പിടിച്ചു തള്ളിയ ജിനു നിലത്തു വീഴുകയായിരുന്നു.

ഉടനെ തന്നെ ജിനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് കൊലപാതകം. ഈ സാഹചര്യത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബാറിൽ നിയമാനുസൃതമായ പ്രവർത്തനസമയം കഴിഞ്ഞും മദ്യ കച്ചവടം സുലഭമാണെന്ന പരാതി വ്യാപകമാണ്. മദ്യ കച്ചവടത്തിന് ഗുണ്ടകളുടെ കാവൽ ഉള്ളതായാണ് റിപ്പോർട്ട്. ഇത് ഗുരുതര സാമൂഹിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.