പേരിടലിനെച്ചൊല്ലിയുള്ള ചെറിയ തര്‍ക്കം; ചെറിയ ഒരു കുടുംബ പ്രശ്നം വഷളാക്കി; ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്; വൈറല്‍ വീഡിയോയെ കുറിച്ച് കുഞ്ഞിൻ്റെ പിതാവിന്റെ പ്രതികരണം
സ്വന്തം ലേഖകൻ
പുനലൂര്‍: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടയില്‍ അമ്മ ഉദ്ദേശിച്ച പേര് അച്ഛനിടാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
ആചാരപ്രകാരം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തുന്നതിനിടയിലാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് അരങ്ങേറിയത്. അച്ഛന്‍ വിളിച്ച അലംകൃത എന്ന പേര് കുഞ്ഞിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വീട്ടുകാര്‍ തമ്മിലുള്ള പോരും ആരോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കു വെച്ചിരുന്നു. അതോടെ സംഭവം വൈറല്‍ ആയി. കൊല്ലം പുനലൂരിലാണ് ഇത്തരത്തില്‍ നാടകിയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിനെക്കുറിച്ച് വെല്‍ഡിങ്ങ് തൊഴിലാളിയായ കുഞ്ഞിന്റെ പിതാവ് പ്രദീപ് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
” വൈറല്‍ വിഡിയോയില്‍ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്നം വഷളാകുകയാണ് ചെയ്തത്.
ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്.
ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല. എന്റെ കുടുംബത്തിലെ പ്രശ്നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ?
40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇത്തരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.
കുടുംബത്തിനുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല- പ്രദീപ് പറയുന്നു.