
സ്വന്തം ലേഖകൻ
പാലാ: ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ ചികിത്സാ വാര്‍ഡും കീമോതെറാപ്പി വിഭാഗവും തുറന്നു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര പുതിയ ഓങ്കോളജി വാര്‍ഡും കീമോതെറാപ്പി വിഭാഗവും ഉദ്ഘാടനം ചെയ്തു. നഗരസഭാ ബജറ്റ് വിഹിതം കാന്‍സര്‍ വിഭാഗത്തിന് എത്രയും വേഗം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു ചെയര്മാന് പറഞ്ഞു.
പുതിയതായി നിര്‍മിച്ച കാത്ത് ലാബ് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കിടത്തിചികിത്സാ സൗകര്യത്തോടെയുള്ള വാര്‍ഡും ഡേകെയര്‍ കീമോതെറാപ്പി വിഭാഗവും നവീന സൗകര്യങ്ങളോടെ ആരംഭിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വാര്‍ഡുകളും ഐസൊലേഷന്‍ വിഭാഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം ഓങ്കോളജി ഐസിയു യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കിടക്കകള്‍ക്കും കേന്ദ്രീകൃത ഓക്സിജന്‍ പൈപ്പ് ലൈനുകളും പാരാ മോണിറ്ററുകളും സ്ഥാപിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിപ്പിട സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാന്‍സര്‍ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. പി.എസ്. ശബരീനാഥ് പറഞ്ഞു. ദിവസം 25 പേര്‍ക്ക് സൗജന്യ കീമോതെറാപ്പി സൗകര്യം ലഭ്യമാകും. ഇവിടേക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു.
വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബൈജു കൊല്ലം പറമ്പില്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ജയ്സണ്‍ മാന്തോട്ടം, ഖാദി ബോര്‍ഡ് മെംബര്‍ കെ.എസ്. രമേശ് ബാബു, കൗണ്‍സിലര്‍മാരായ ലീന സണ്ണി, സാവിയോ കാവുകാട്ട്, ആര്. സന്ധ്യ, ആര്‍എംഒ ഡോ. സോളി മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോക് എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ റേഡിയോ തെറാപ്പി ചികിത്സാ ഉപകരണം ലഭ്യമാക്കുന്നതിലേക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിക്ഷേപിച്ചതായി പ്രസിഡന്റ് നിര്‍മല ജിമ്മി അറിയിച്ചു.
സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകരിച്ച ക്യാന്‍ കോട്ടയം ഹിറ്റ് കോട്ടയം പ്രോജക്ടിന്റെ ഭാഗമായാണ് തുക ലഭ്യമാക്കിയത്. മറ്റു സൗകര്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കാന്‍സര്‍ സെന്റര്‍ പാലായില്‍ ആരംഭിക്കുകയാണു ലക്ഷ്യമിടുന്നതെന്നും നിര്‍മല ജിമ്മി പറഞ്ഞു.



