എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ സെക്രട്ടറിയും കണ്‍വീനറുമായിരുന്ന അഡ്വ. കെ.എം. സന്തോഷ് കുമാർ 3 കോടി 32 ലക്ഷം രൂപ തിരിമറി നടത്തിയതായി യൂണിയന്‍ കണ്‍വീനറുടെ പരാതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ സെക്രട്ടറിയും കണ്‍വീനറുമായിരുന്ന അഡ്വ. കെ.എം. സന്തോഷ് കുമാറിനെതിരെ 3 കോടി 32 ലക്ഷം രൂപ തിരിമറി നടത്തിയതായി ചൂണ്ടിക്കാട്ടി മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. എം.പി. സെന്‍ പാലാ പൊലീസില്‍ പരാതി നല്‍കി.

2005 മുതല്‍ 2020 വരെ മീനച്ചില്‍ യൂണിയന്‍ സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് കുമാര്‍ യൂണിയന്റെ കണക്കുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തി തുക തട്ടിയെടുത്തതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010 ന് ശേഷം മീനച്ചില്‍ യൂണിയനില്‍ പൊതുയോഗം വിളിച്ചുകൂട്ടുകയോ കണക്കുകള്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച്‌ യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം 2011 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ റീ ഓഡിറ്റ് ചെയ്തതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി യോഗം ജനറല്‍ സെക്രട്ടറി നിയോഗിച്ച സബ്‌കമ്മറ്റി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും എം.പി.സെന്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിയന്റെ പേരില്‍ വസ്തു സമ്പാദനത്തിനായി 4 കോടി രൂപാ മൂല്യമുള്ള കൂപ്പണുകള്‍ അച്ചടിച്ചതായി യൂണിയന്റെ കണക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആനുപാതികമായി പണം നാള്‍വഴി ബുക്കില്‍ രേഖപ്പെടുത്തുകയോ ചെലവാകാത്ത കൂപ്പണുകള്‍ തിരികെ സ്റ്റോക്കില്‍ ചേര്‍ക്കുകയോ ചെയ്തതായി കാണുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

അതുപോലെ തന്നെ മീനച്ചില്‍ യൂണിയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മോട്ടോര്‍ ബൈക്ക് ഇപ്പോള്‍ കാണാനില്ല. യൂണിയന്റെ സൈലോ വാഹനവും നിയമവിരുദ്ധമായി സന്തോഷ്‌കുമാര്‍ സ്വന്തം പേരിലാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസസ്ഥാപനം തുടങ്ങുന്നതിനായി യോഗത്തിന്റെ അനുമതിയില്ലാതെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ 20 ഏക്കറോളം സ്ഥലം തീറുവാങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് യൂണിയന്‍ പ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ സംഭവാനയായും കടമായും പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ആനുപാതികമായി വസ്തുക്കള്‍ യൂണിയന്റെ പേരിലേക്ക് എഴുതിയില്ല. ഇതില്‍ കുറെ പണം സന്തോഷ് കുമാര്‍ അപഹരിച്ചതായും പരാതിയില്‍ പറയുന്നു.

സാമ്പത്തിക തിരിമറികള്‍ നടത്തുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ഈ ട്രസ്റ്റ് മീനച്ചില്‍ എസ്.എന്‍.ഡി.പി. യൂണിയന്റേതാണ് എന്ന് പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ഇതിനും യോഗത്തില്‍ നിന്ന് അംഗീകാരം വാങ്ങാതെ സന്തോഷ് കുമാര്‍ സ്വന്തം ഇഷ്ടപ്രകാരം വസ്തുക്കള്‍ വാങ്ങുകയും അവിടെ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. യോഗം മൈക്രോ ഫിനാന്‍സില്‍ നിന്ന് എടുത്തിട്ടുള്ള പണം യഥാര്‍ത്ഥ അംഗങ്ങള്‍ക്ക് നല്‍കാതെയും ബാങ്കിലടയ്ക്കുന്നതിന് ഏല്‍പ്പിച്ച പണം ബാങ്കിലടയ്ക്കാതെയും തിരിമറി നടത്തിയതായും പരാതിയിലുണ്ട്.

സന്തോഷ് കുമാറിന്റെ കൂട്ടാളികളായി പ്രവര്‍ത്തിച്ച ഏതാനും പേര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് സാക്ഷികളും രേഖകളും ഉണ്ടെന്നും സെന്നിന്റെ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. എത്രയുംവേഗം സന്തോഷ്‌കുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.