ഒരു ‘മിനിറ്റ്’പറഞ്ഞ് മുങ്ങിയതല്ല, തൊട്ടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ആ സമയം പൊലീസ് വാഹനത്തിന്റെ ഹോണടിച്ച്‌ വിളിച്ചു; ട്രോളുകൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ്

Spread the love

സ്വന്തം ലേഖകൻ
വയനാട് : പണിമുടക്ക് ദിവസം ബൈക്ക് തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പോയ കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വയനാട് ജില്ലയിലെ ചുണ്ടേല്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പ്രജീഷാണ് പണിമുടക്കിനിടെയിലെ ആ വൈറല്‍ താരം. ഇപ്പോള്‍ ആ വീഡിയോയ്ക്ക് പ്രതികരണവുമായി പ്രജീഷ് രംഗത്തെത്തിയിട്ടുണ്ട്. എന്തിനാണ് സമരം എന്ന ബൈക്ക് യാത്രികന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ” ഒരു മിനിറ്റെ” എന്ന് പറഞ്ഞ് പോകുന്നത് വീഡിയോയില്‍ കാണാം.

മറുപടി ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ട് പോകുന്നുവെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. “തൊട്ടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ആ സമയം പൊലീസ് വാഹനത്തിന്റെ ഹോണടിച്ച്‌ വിളിച്ചു, അതുകൊണ്ടാണ് ആ സമയത്ത് അങ്ങോട്ട് പോയതെന്ന് പ്രജീഷ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങള്‍ക്ക് കൈ കാണിച്ചു നിര്‍ത്തി, പണിമുടക്കിനോട് 5 മിനുട്ട് സഹകരിച്ച്‌ ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമാണ് ഞാനടക്കമുള്ളവര്‍ ചെയ്തിരുന്നത്. അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാന്‍ വേണ്ടി ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെ.

ഈയവസരത്തിലാണ് ബൈക്കില്‍ വന്ന യാത്രക്കാരുമായ സംഭാഷണം. അവരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാന്‍ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പോലീസ് വാഹനം വരികയും പോലീസ് വാഹനത്തിന്റെ ഹോണടിച്ച്‌ എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാന്‍ ഞാന്‍ തിരിഞ്ഞു നോക്കുന്നത് ആ വീഡിയോയില്‍ തന്നെ കാണാം.

എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ ചുണ്ടേല്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് ആ സംഭാഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അങ്ങോട്ട് പോകേണ്ടി വന്നു. ആ കാണുന്നതാണ് മറ്റൊരു രീതിയില്‍ ഇന്ന്, ഇങ്ങനെയൊരു വീഡിയോ ആയി വളരെ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്നത്.

തിരിച്ചു വന്നു ആ യുവാക്കളോട് സംസാരം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ പോവുകയാണ് ഉണ്ടായത്. ആ വീഡിയോയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് കൊണ്ട് തന്നെ സത്യാവസ്ഥ വിശദീകരിക്കാന്‍ ഞാന്‍ ഇപ്പോള്‍ ബാധ്യസ്ഥനുമാണെന്ന് പ്രജീഷ് കുറിപ്പിൽ വ്യക്തമാക്കി.

സത്യം മനസിലാക്കി, ഈ സമരത്തിനെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങള്‍ തള്ളികളയണമെന്നും, സമരം ചെയ്യുന്ന തൊഴിലാളികളുടെ ഒപ്പം അണിനിരക്കണം എന്നും പ്രജീഷ് പറഞ്ഞു.