
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയില്‍. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) നെയാണ് ആന്ധ്രപ്രദേശില്‍ നിന്നും പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
കുന്നുവഴിയിലെ കുറിയര്‍ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയില്‍ നിന്നും കഞ്ചാവ് നല്‍കിയത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട് ഒൻപത് പേരെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്‍റെ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിയര്‍ വഴി കഞ്ചാവ് അയച്ച കളരിക്കല്‍ ഗോകുലിനെ ധര്‍മ്മതേജ വിശാഖപട്ടണത്തിലെ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോകുല്‍ കഞ്ചാവ് കച്ചവടത്തില്‍ ധര്‍മ്മതേജയുടെ പങ്കാളിയായി. നിരവധി പ്രാവശ്യം ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ധര്‍മതേജയുടെ പിതാവും, സഹോദരനും നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് ചെറുത്തുനില്‍പ്പുകളെ അതിജീവിച്ച് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പോലീസ് പിടികൂടുന്നത്.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി. അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് .എം തോമസ്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒ പി.എ അബ്ദുല്‍ മനാഫ് (കുന്നത്തുനാട്), എം.ബി.സുബൈര്‍, ജിഞ്ചു കെ. മത്തായി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



