അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോൻ
സ്വന്തം ലേഖകൻ
ഏറെ നാളുകൾക്ക് ശേഷം നടി നിത്യ മേനോൻ മലയാളത്തിൽ സജീവമാവുകയാണ്. 100 ഡെയിസ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണ് നിത്യ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. പിന്നാലെ കൈനിറയെ മലയാള സിനിമകളായിരുന്നു നിത്യയെ കാത്തിരിക്കുന്നത്. അതിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയാണ് കോളാമ്പി.
ബിഗ് ബോസ് മത്സരാർത്ഥിയായ അരിസ്റ്റോ സുരേഷ് നായകനാവുന്ന കോളാമ്പിയിലും നിത്യയാണ് നായിക. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു ബിനാലെ ആർട്ടിസ്റ്റിന്റെ വേഷത്തിലായിരിക്കും നിത്യ സിനിമയിൽ അഭിനയിക്കുക. കൊച്ചിയിലേക്ക് ഒരു ഇൻസ്റ്റാലേഷൻ തയ്യാറാക്കുന്നതിനായി എത്തുന്ന ആർട്ടിസ്റ്റാണ് നിത്യ അവതരിപ്പിക്കുന്ന കഥാപാത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും ഇടവേള എടുത്ത ടികെ രാജീവ് കുമാർ കോളാമ്പിയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റസൂൽ പൂക്കൂട്ടിയാണ് സിനിമയ്ക്ക് സൗണ്ട് ഡിസൈൻ ചെയ്യുന്നത്. പ്രമുഖ ഛായാഗ്രാഹകനായ രവി വർമ്മനാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
പ്രാണ, കോളാമ്പി, എന്നീ സിനിമകൾ അല്ലാതെ ആനന്ദമാർഗം, ഇനിയും പേരിടാത്ത ഷഹീദ് ഖാദർ സിനിമ, എന്നിങ്ങനെ മലയാളത്തിൽ വേറെയും സിനിമകളിൽ നിത്യ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി നിത്യ വരുന്നു എന്ന വാർത്ത വന്നിരുന്നെങ്കിലും നിത്യ സിനിമയിൽ നിന്നും പിന്മാറിയെന്ന തരത്തിലും വാർത്തകൾ എത്തിയിരുന്നു.