play-sharp-fill
അംബരീഷിന് സിനിമാലോകത്തിന്റെ ബാഷ്പാഞ്ജലി

അംബരീഷിന് സിനിമാലോകത്തിന്റെ ബാഷ്പാഞ്ജലി

സ്വന്തം ലേഖകൻ

ബംഗളൂരു: തെന്നിന്ത്യയുടെ പ്രിയനായകൻ അംബരീഷിന് സിനിമാലോകത്തിന്റെ കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി. ശനിയാഴ്ച അർധരാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് നടനും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. വിയോഗവാർത്തയറിഞ്ഞ് ചലച്ചിത്ര രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖർ ബംഗളൂരുവിലെത്തി. ബംഗളൂരുവിലെ കന്തീരവ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച അംബരീഷിന്റെ മൃതദേഹത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ, ശോഭ കലന്തജേ എംപി, രജനികാന്ത്, പ്രകാശ്രാജ്, ചിരഞ്ജീവി, മോഹൻ ബാബു, പുനീത് രാജ്കുമാർ, ശിവരാജ് കുമാർ, ജയന്തി, ഭാരതി വിഷ്ണുവർധൻ, പ്രിയങ്ക ഉപേന്ദ്ര തുടങ്ങിയവരെത്തി. മൃതദേഹം ഹെലികോപ്റ്റർ വഴി അംബരീഷിന്റെ ജന്മനാടായ മണ്ഡ്യയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബംഗളൂരുവിലെ ചമ്രപീതിൽ തിങ്കളാഴ്ച നടക്കും.

യഥാർഥ സുഹൃത്തുക്കളിൽ ഒരാളായി അംബരീഷ് എല്ലാക്കാലത്തും തുടരുമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ‘ന്യൂഡൽഹി’ സിനിമ കന്നഡയിൽ റീമേക്ക് ചെയ്തപ്പോൾ നായകനായത് അംബരീഷായിരുന്നു. ‘ബോസ്’ എന്നായിരുന്നു അദ്ദേഹം എന്നെ വിളിച്ചത്. എനിക്കുണ്ടായ നഷ്ടം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. എൺപതുകളിലെ മലയാളത്തിലെ പ്രിയ നായിക സുമലതയാണ് ഭാര്യ. കന്നഡ നിത്യഹരിത നായകൻ രാജ്കുമാറിനേക്കാളും കൂടുതൽ സിനിമയിൽ വേഷമിട്ടു. മലയാളത്തിൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന സിനിമയിൽ നായകനായി. വിയോഗവാർത്ത ഹൃദയഭേദകമാണെന്ന് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഉറ്റസുഹൃത്തിനെയും സഹോദരനെയുമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group