
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മിഠായിയും പലഹാരവും നല്‍കി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍.
ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടില്‍ ഹസന്‍കുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് അറസ്റ്റിലായത്.ആറാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസിലാണ് സ്‌കൂളില്‍ വന്നിരുന്നത്. ബസ് സ്റ്റോപ്പില്‍ വച്ച് പലഹാരങ്ങള്‍ വാങ്ങിനല്‍കിയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്.
കഴിഞ്ഞ 16-ന് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകാനായി കയറിയ ബസില്‍ അബുവും കയറി സ്‌കൂളിന് മുന്നിലിറങ്ങി. തുടര്‍ന്ന് സമീപത്തുള്ള കടയില്‍ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം സ്‌കൂള്‍വിട്ട് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കണമെന്നും കൂടുതല്‍ മിഠായിയും മറ്റും വാങ്ങിത്തരാമെന്നും കുട്ടിയോട് പറഞ്ഞാണിയാള്‍ പോയത്. ക്ലാസിലെത്തിയ കുട്ടി അസ്വാഭാവികമായി പെരുമാറിയപ്പോള്‍ അധ്യാപകര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാകര്‍ത്താക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും പരാതിയെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കുട്ടിയുമായി പലഹാരം വാങ്ങാനെത്തിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ചിത്രം പോലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇരവിപുരം ഭാഗത്ത് നിന്നാണിയാളെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് അബുവെന്ന് പോലീസ് പറഞ്ഞു.
വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഇന്‍സ്പെക്ടര്‍ വി.കെ.ശ്രീജേഷ്, എസ്.ഐ. ആര്‍.സജീവ്, ഗ്രേഡ് എസ്.ഐ. ബിജു, ഗ്രേഡ് എ.എസ്.ഐ. സുനില്‍ കുമാര്‍, എസ്.സി.പി.ഒ. ജയ് മുരുകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







