
സ്വന്തം ലേഖിക
കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസ്ഥാന നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ട പൗരന്മാര് മലയാളികള്‍.
ഏറ്റവും കൂടുതല്‍ കടബാധ്യത പേറുന്ന പൗരന്മാരും മലയാളികള്‍ തന്നെ. ഏറ്റവുമധികം നികുതികള്‍ ഈടാക്കുന്ന സംസ്ഥാനം കേരളവും.
2021-22 കാലഘട്ടത്തില്‍ കേരളത്തിലെ 3,34,06,061 ജനങ്ങളില്‍ ഓരോ വ്യക്തിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നികുതിയായി പിരിച്ചത് 19,312 രൂപ വീതമാണെന്ന് മുന്‍ ബജറ്റിലെ രേഖകള്‍ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിദിനം 53 രൂപയാണ് ജനിച്ചു വീണ കുട്ടിയടക്കം ഓരോ പൗരനും നികുതികളായി അടക്കുന്നത്. ആളോഹരി സംസ്ഥാന നികുതി ദേശീയ ശരാശരി 11,016 രൂപ മാത്രമാണ്. കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത് വ്യവസായ വികസിത സംസ്ഥാനമായ മഹാരാഷ്ട്രയാണ്. ഇവിടെ അത് 18,163 രൂപയാണ്.
മൂന്നാം സ്ഥാനത്ത് നില്ക്കുന്ന തമിഴ്നാട്ടില്‍ 17,501 രൂപയും. നാലാം സ്ഥാനത്ത് 16,545 രൂപയുമായി കര്‍ണാടക, അഞ്ചാം സ്ഥാനത്ത് ഗുജറാത്ത് (15,160 രൂപ), ആറാം സ്ഥാനത്ത് ആഡ്രപ്രദേശ് (13,160 രൂപ), ഏഴാം സ്ഥാനത്ത് പഞ്ചാബ് ( 11,416 രൂപ) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളുടെ നില. വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ ഒരു പൗരന് നല്കുന്ന നികുതി 7371 രൂപ മാത്രമാണ്.
കഴിഞ്ഞ ദിവസം ധനമന്ത്രി എടുത്ത് പറഞ്ഞ ഒരു നേട്ടം ഏറ്റവും കൂടുതല്‍ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നല്കുന്ന സംസ്ഥാനം കേരളമാണെന്നാണ്. വൈദ്യുതി നിരക്കിലും ബസ് ചാര്‍ജിലും സാധാരണ ജനങ്ങളെ കേരളം ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് മന്ത്രിയുടെ അവകാശവാദം. 280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടില്‍ 405 രൂപ വാങ്ങുമ്പോള്‍ കേരളത്തില്‍ 1142 രൂപ നല്‍കണം.
ഇനിയും നിരക്കു കൂട്ടാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. രണ്ട് കിലോമീറ്റര്‍ ഓര്‍ഡിനറി ബസ് യാത്രക്ക് തമിഴ്നാട്ടില്‍ അഞ്ച് രൂപ മതിയാകുമെങ്കില്‍ കേരളത്തില്‍ 2.5 കിലോമീറ്ററിന് എട്ട് രൂപ കൊടുക്കണം. അടുത്തുതന്നെ ഇത് 10 രൂപ ആയി ഉയര്‍ത്തും. രാജ്യത്തെ ഏറ്റവും വലിയ കടക്കാരനും മലയാളികള്‍ തന്നെ. മലയാളിയുടെ ആളോഹരി കടം 82,622 രൂപയാണ്.
കര്‍ണാടകയില്‍ 47,076 രൂപയും ഉത്തര്‍പ്രദേശില്‍ 24,813 രൂപയും ദേശീയ ശരാശരി 38,893 രൂപയുമാണ്. കടത്തില്‍ ഒന്നാം സ്ഥാനത്തായതിനാല്‍ പലിശ കൊടുക്കുന്നതിലും കേരളം തന്നെയാകും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ നികുതി നല്കുന്നയാള്തന്നെ ഏറ്റവും കൂടുതല്‍ കടഭാരം വഹിക്കേണ്ടിവരുന്നു എന്നതാണ് കേരളത്തിന്റെ ദുരന്തം.
വികസനത്തിനാണ് കടമെടുക്കുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ ആസ്തിയില്‍ അതിനനുസരിച്ച വര്‍ധനവുണ്ടാകണം. എന്നാല്‍, അതുണ്ടായില്ല. 2016-17 ല്‍ 29,084 കോടി രൂപ കടമെടുത്തപ്പോള്‍ സംസ്ഥാനത്ത് ആസ്തി വര്‍ധിച്ചത് 8622 കോടിയുടേത് മാത്രമാണ്.
2017-18ല്‍ കടമെടുപ്പ് 24,308 കോടിയും ആസ്തി 7808 കോടിയുമാണ്. 2018-19ല്‍ ഇത് യഥാക്രമം 24680 കോടിയും 7814 കോടിയുമാണ്. 2020-21ല്‍ 36,507 കോടിയും 2021-22ല്‍ 30,837 കോടിയും കടമെടുത്തിട്ടുണ്ട്.
ഈ കാലയളവില്‍ സംസ്ഥാനത്തിന്റെ ആസ്തി എത്ര വര്‍ധിച്ചുവെന്ന കണക്ക് പൂര്‍ണമായി പുറത്തുവന്നിട്ടില്ല. 3,27,655 കോടിയില്‍ നില്ക്കുന്ന സംസ്ഥാന കടം ഈ വര്‍ഷം ഇനിയും ഉയരും. നികുതി കൂട്ടി പിടിച്ചുനില്ക്കാന് കേരളത്തിന് അധികകാലം കഴിയുകയുമില്ല.



