
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്; പത്തുനാള്‍ നീണ്ട ഉത്സവത്തിന് കൊടിയിറക്കം.
ഇന്ന് ഉച്ചയ്ക്ക് 12നാണ് ആറാട്ട് എഴുന്നള്ളിപ്പ്. വൈകുന്നേരം അഞ്ചിനാണ് ആറാട്ട് പുറപ്പാട്. ആറാട്ട് എഴുന്നള്ളിപ്പ് പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ വരവേല്പ് നല്‍കും. പേരൂര്‍ പൂവത്തുംമൂട്ടില്‍ മീനച്ചിലാറ്റിലെ ആറാട്ട് കടവിലാണ് ആറാട്ട് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളത്തില്‍ പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടക്കും. പൂജയ്ക്കുശേഷം ഭക്തര്‍ക്ക് ആറാട്ട് സദ്യയുമുണ്ടാകും. രാത്രി 11.30ന് ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനിലെ ആറാട്ട് എതിരേല്പ് മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ ആറാട്ടെതിരേല്പ് നടക്കും.
എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുമ്പോള്‍ ഭക്തര്‍ നിറപറയും നിലവിളക്കും നല്കി ഭഗവാനെ സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രത്തിനുചുറ്റും ഏഴു തവണ പ്രദക്ഷിണം വയ്ക്കും. പ്രദക്ഷിണത്തിനുശേഷം കൊടിയിറങ്ങുന്നതോടെ പത്തുദിവസത്തെ ഉത്സവത്തിനു സമാപനമാകും.
ആറാട്ട് എഴുന്നള്ളിപ്പിനായി വീഥികളൊരുങ്ങി. പേരൂര്‍ പൂവത്തുംമൂട് വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭക്തജനങ്ങളും നാട്ടുകാരും കുരുത്തോലകളും വര്‍ണവിളക്കുകളുംകൊണ്ട് അലങ്കരിച്ചു.ആറാട്ട് എഴുന്നള്ളിപ്പിന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. ആറാട്ട് എഴുന്നള്ളിപ്പിനോടനുബന്ധിച്ച് ഈ വര്‍ഷം പറയെടുപ്പ് ഇല്ല.



