
ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോയതിന് അദ്ധ്യാപകർ പൊക്കി: തിരികെ ക്ലാസ്സിൽ കയറാൻ അച്ഛനേയുമായെത്താൻ സ്കൂൾ അധികൃതരുടെ നിർദ്ദേശം: കുട്ടികൾ മുംബൈയിലേയ്ക്ക് മുങ്ങി; മുങ്ങിയത് കറുകച്ചാലിലെ കുട്ടികൾ
സ്വന്തം ലേഖകൻ
കോട്ടയം: ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോയതിനെ തുടർന്ന് അദ്ധ്യാപകർ പിടികൂടിയ പ്ലസ് വൺ വിദ്യാർത്ഥികളോട് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടു പേർ മുംബൈയ്ക്ക് നാടു വിട്ടു. രണ്ടാഴ്ചയിലേറെയായി ക്ലാസിലെത്താതിരുന്ന ഇവരെ തിരക്കിയെത്തിയ അധ്യാപകരാണ് കുട്ടികളോട് മാതാപിതാക്കളെയും കൂട്ടി സ്‌കൂളിലെത്താൻ നിർദേശിച്ചത്. അധ്യാപകർ പിടികൂടിയ അന്നു വൈകിട്ട് തന്നെ കുട്ടിസംഘം നാട് വിടുകയായിരുന്നു. കറുകച്ചാൽ ശാന്തിപുരം, മല്ലപ്പള്ളി സ്വദേശികളായ പതിനാറുകാരാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് പൊലീസിന്റൈ കണ്ണുവെട്ടിച്ച് സ്ഥലം വിട്ടിരിക്കുന്നത്.
വായ്പൂർ സ്‌കൂളിലെ വിദ്യാർത്ഥികളായ ഇരുവരും രണ്ടാഴ്ചയിലേറെയായി സ്‌കൂളിൽ എത്തിയിരുന്നില്ല. ഇവർ ക്ലാസിൽ എത്താതിരുന്നതിന്റെ വിവരം തിരക്കിയെത്തിയ അധ്യാപകർ കുട്ടികൾ സ്ഥിരമായി വീട്ടിൽ നിന്നു സ്‌കൂളിലേയ്‌ക്കെന്ന പേരിൽ പോയിരുന്നതായി കണ്ടെത്തി. തുടർന്ന് കുട്ടികളോട് മാതാപിതാക്കളെയും വിളിച്ചു കൊണ്ട് എത്താൻ നിർദേശിക്കുകയായിരുന്നു. അധ്യാപകർ വീട്ടിൽ വിവരം അറിയിക്കുകയും, പിടിച്ചു നിൽക്കാനാവത്ത സാഹചര്യമുണ്ടാകുകയം ചെയ്തതോടെ കുട്ടികൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മുംബൈയിലേയ്ക്കു പോകുകയാണെന്നു സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് ഇരുവരും വീട് വിട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ കാണാനില്ലാതെ വന്നതോടെ ബന്ധുക്കൾ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തൃശൂർ വരെ എത്തിയതായി വിവരം ലഭിച്ചു. കുട്ടികളുടെ ചിത്രം സഹിതം വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്. ട്രെയിൻ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ പിന്നാലെ തൃശൂർ വരെ പൊലീസ് സംഘം എത്തിയിരുന്നു. ഇരുവരും തൃശൂർ റെയിൽവേ സ്റ്റേഷനിലൂടെ പാസ് ചെയ്ത് പോയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് എവിടേയ്ക്ക് മുങ്ങിയെന്നതാണ് പൊലീസിനെയും ഞെട്ടിക്കുന്നത്.