പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയില്‍ തുടരുകയായിരുന്നു. വെൻ്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്ന് പാണക്കാട് മുന്‍വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പിഎംഎസ്‌എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങള്‍ 1947 ജൂണ്‍ 15 പാണക്കാടാണ് ജനിച്ചത്.

പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.

18 വര്‍ഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.

വയനാട് ജില്ലയുടെ ഖാസി, എസ് വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍, ജാമിഅ നൂരിയ്യ അറബിക് കോളേജ് ജനറല്‍ സെക്രട്ടറി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു.

മുപ്പതാം വയസ്സില്‍ പൂക്കൊളത്തൂര്‍ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വര്‍ഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളേജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർത്ഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ നിന്ന് എസ്‌എസ്‌എല്‍സി പാസായി. കാന്നല്ലൂര്‍, പട്ടര്‍നടക്കാവ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം എന്നിവിടങ്ങളില്‍ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് 1975ല്‍ ഫൈസി ബിരുദം നേടി.

കര്‍ക്കശ നിലപാടുകള്‍ക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിനെ നിര്‍ണായകമായ ഘട്ടങ്ങളില്‍ നയിക്കുന്നതില്‍ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ ഹൈദരലിക്കു സാധിച്ചു.

കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണു മക്കള്‍. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകന്‍ മുഈനലി. മരുമക്കള്‍: സയ്യിദ് നിയാസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഹസീബ് സഖാഫ് തങ്ങള്‍. ഖബറടക്കം നാളെ.