ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസം ; പുതിയ സമയക്രമവുമായി പാലരുവി എക്സ്പ്രസ്
സ്വന്തം ലേഖിക
കോട്ടയം: പാലരുവി എക്സ്പ്രസിന് പുതിയ സമയക്രമം നിലവില്‍ വന്നതോടെ ജില്ലയില്‍നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസം.കഴിഞ്ഞദിവസം മുതലാണ് കോട്ടയം മുതല്‍ പാലക്കാട് വരെ സമയം റെയില്‍വേ പരിഷ്ക്കരിച്ചത്. ഇതനുസരിച്ച് 8.45ന് ട്രെയിന്‍ എറണാകുളത്തെത്തും. നേരത്തെ 9.25 ആയിരുന്നു സമയം. പലപ്പോഴും ഒൻപതോടെ തന്നെ ട്രെയിന്‍ എറണാകുളം ഔട്ടറില്‍ എത്തുമായിരുന്നെങ്കിലും ഇവിടെ പിടിച്ചിടുകയായിരുന്നു പതിവ്.
ഇനി ഔട്ടറില്‍ പിടിച്ചിടീല്‍ ഉണ്ടാവില്ല. ഇത് ഏറെ ആശ്വാസമാണെന്ന് യാത്രക്കാരുട കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹികള്‍ പറഞ്ഞു. പുതിയ സമയമാറ്റം തൃശൂര്‍, പാലക്കാട് എത്തിച്ചേരേണ്ട ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനകരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഭാഗത്തേക്ക് എത്തേണ്ട യാത്രക്കാര്‍ക്ക് പാലരുവിയില്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എറണാകുളം ജങ്ഷനില്‍നിന്ന് 9.17 നുള്ള ജനശതാബ്ദിയില്‍ തുടര്‍യാത്ര ചെയ്യാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗളൂരുവിന് പോകേണ്ട യാത്രക്കാര്‍ക്ക് പാലരുവിയില്‍ ആലുവയില്‍ ഇറങ്ങിയാല്‍ എറണാകുളം ജങ്ഷനില്‍നിന്ന് 9.10ന് എടുക്കുന്ന ബംഗളൂരു ഇന്റര്‍സിറ്റിയും ലഭിക്കും. ഇത്തരം നേട്ടങ്ങള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് പുതിയ സമയക്രമം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലവിലുള്ള സമയത്തെക്കാള്‍ നേരത്തെയാണ് കോട്ടയത്തടക്കം ട്രെയിന്‍ എത്തുന്നത്. നേരത്തേ കോട്ടയത്ത് പാലരുവിക്ക് 7.12 ആയിരുന്നു സമയം. എന്നാല്‍, പുതിയ സമയക്രമത്തില്‍ 7.05ആണ്. ഇതുമൂലം സ്ത്രീ യാത്രക്കാര്‍ അടക്കം നേരത്തേ വീട്ടില്‍നിന്ന് ഇറങ്ങേണ്ട സാഹചര്യമാണ്.
തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍ 15 മിനിറ്റിലേറെ നേരെത്തേ എത്തിച്ചേരുന്ന വിധമാണ് പുതിയ സമയക്രമം. ഇത് കോട്ടയം-എറണാകുളം സ്ഥിര യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. രാവിലെ സ്റ്റേഷനില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യമില്ലാത്തതും സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു.
തൃപ്പൂണിത്തുറയില്‍നിന്ന് എറണാകുളം ടൗണില്‍ എത്തിച്ചേരാന്‍ 35 മിനിറ്റ് സമയമാണ് ഇപ്പോളും അനുവദിച്ചിരിക്കുന്നത്. ഇത് മാറ്റിയാല്‍ കോട്ടയമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് 7.12 എന്ന പഴയസമയക്രമം തന്നെ തുടരാന്‍ കഴിയുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും കൊല്ലം ജങ്ഷനില്‍ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്.
ഈ സമയത്തില്‍ ഒരു വ്യത്യാസവും വരുത്താതെയാണ് കോട്ടയം മുതല്‍ പാലക്കാട് വരെ മാത്രം ട്രെയിന്‍ സമയം പുനഃക്രമീകരിച്ചത്.യാത്രക്കാര്‍ അധികമുള്ള ഏറ്റുമാനൂര്‍, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി പോലുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇപ്പോഴും ഇതിന് സ്റ്റോപ് അനുവദിച്ചിട്ടില്ല. 2017ഏപ്രിലാണ് പാലരുവി എന്ന പേരില്‍ ട്രെയിന്‍ നമ്ബര്‍ 16791 സര്‍വിസ് ആരംഭിക്കുന്നത്.
ആദ്യം പുനലൂര്‍ മുതല്‍ പാലക്കാട് വരെയായിരുന്ന പാലരുവി, 2018 ജൂലൈ ഒമ്ബതിന് തിരുനെല്‍വേലി വരെ നീട്ടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് സ്ലീപ്പര്‍ കോച്ചുകള്‍ ഈ ട്രെയിനില്‍ അനുവദിക്കുന്നത്.തിരുനെല്‍വേലിയില്‍നിന്ന് ആദ്യം ട്രെയിന്‍ ആരംഭിച്ചിരുന്നത് രാത്രി 10.45ന് ആയിരുന്നു. പിന്നീട് ട്രെയിന്‍ സമയം 11.20 ലേക്ക് മാറ്റി. പരശുറാം അടക്കമുള്ള ട്രെയിനുകളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍-മംഗലാപരം റൂട്ടിലാണ് മാറ്റം.
വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റെയിവേയുടെ തീരുമാനമെന്നാണ് വിവരം. പാലരുവിയുടെ പുതുക്കിയ സമയക്രമം: സ്റ്റേഷന് (എത്തിച്ചേരുന്ന സമയം /പുറപ്പെടുന്ന സമയം): കോട്ടയം (07.05 /07.08), കുറുപ്പന്തറ (07.26 /07.27), വൈക്കം റോഡ് (07.36/07.37 ), പിറവം റോഡ് (07.45/07.46), മുളന്തുരുത്തി (07.57/07.58), തൃപ്പൂണിത്തുറ (08.10./08.11), എറണാകുളം ടൗണ്‍ (08.45 /08.50), ആലുവ (09.10/09.12), തൃശൂര്‍ (10.00 /10.0), ഒറ്റപ്പാലം (10.58./11.00.), പാലക്കാട് ജങ്ഷന് (12.00). തിരിച്ച് വൈകീട്ട് നാലിന് പാലക്കാട്നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 6.40ന് എറണാകുളത്തും 8.15ന് കോട്ടയത്തുമെത്തും.