നാലുവര്‍ഷത്തെ പ്രവര്‍ത്തന വിലയിരുത്തലിനും നവകേരള നയരേഖ ചര്‍ച്ചയ്ക്കും ഊന്നല്‍; സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ പതാക ഉയർന്നു; മൂന്നു നഗറിലായി നടക്കുന്ന സമ്മേളനത്തില്‍ ഭാഗമാകുക 400 പ്രതിനിധികളും 23 നിരീക്ഷകരും; കൊച്ചി സമ്മേളനത്തിന് വേദിയാകുന്നത് 37 വര്‍ഷത്തിന് ശേഷം
സ്വന്തം ലേഖിക
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ പതാക ഉയർന്നു. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചെങ്കൊടി ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കമായി.
1964ല്‍ സിപിഐ എം രൂപീകരണത്തിലേക്കു നയിച്ച പ്രത്യേക കണ്‍വന്‍ഷനും 1968ല്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസും പ്ലീനവും നടന്ന കൊച്ചി നഗരം, 37 വര്‍ഷത്തിനുശേഷമാണ് സമ്മേളനത്തിന് വേദിയാകുന്നത്.
നവോത്ഥാനപോരാട്ടത്തിന്റെ ഭാഗമായ കായല്‍ സമ്മേളനത്തിന്റെ സ്മരണകളിരമ്ബുന്ന മറൈന്‍ഡ്രൈവിലെ ബി രാഘവന്‍ നഗറിലാണ് നാലുദിവസത്തെ സമ്മേളനം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സമ്മേളനത്തില്‍ 400 പ്രതിനിധികളും 23 നിരീക്ഷകരും പങ്കെടുക്കും.നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിര്‍മ്മിതിക്കായുള്ള നയരേഖയും സമ്മേളനം ചര്‍ച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കര്‍മപരിപാടികള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കാനുള്ള നയരേഖ ചൊവ്വ വൈകിട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കേരളത്തിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുന്നത്.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1956ലെ സമ്മേളനത്തിലാണ് ആദ്യമായി വികസനരേഖ അവതരിപ്പിച്ചത്. ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകള്‍ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സര്‍ക്കാര്‍ തുടക്കംകുറിച്ച കേരളവികസനപദ്ധതികളുടെ അടിസ്ഥാനം.
മുന്നണിപ്പോരാളികളുടെ പേരിലുള്ള മൂന്നു നഗറുകളിലായാണ് സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്.പ്രതിനിധിസമ്മേളനം ബി രാഘവന്‍ നഗറിലും പൊതുസമ്മേളനം ഇ ബാലാനന്ദന്‍ നഗറിലും സെമിനാറുകളും കലാപരിപാടികളും രക്തസാക്ഷി അഭിമന്യു നഗറിലും നടക്കും.12.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 5.30ന് ഗ്രൂപ്പുചര്‍ച്ച തുടങ്ങും.
ബുധന്‍ രാവിലെമുതല്‍ പൊതുചര്‍ച്ച തുടരും. വികസന നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി. സമാപനദിവസമായ വെള്ളി രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് അഞ്ചിന് മറൈന്‍ഡ്രൈവിലെ ഇ ബാലാനന്ദന്‍ നഗറില്‍ പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നെങ്കിലും സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ മാനദണ്ഡം ശക്തം. സമ്മേളനഹാള്‍ മുതല്‍ എല്ലായിടത്തും നിയന്ത്രണങ്ങളുണ്ട്.നിശ്ചിത അകലത്തിലാണ് പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍. എല്ലായിടവും ആധുനികരീതിയില്‍ അണുവിമുക്തമാക്കി.അള്‍ട്രാ വയലറ്റ് രശ്മിയില്‍ അണുനശീകരണം സാധ്യമാകുന്ന ഇന്‍ഡക്‌ട് എയര്‍ ഡിസ് ഇന്‍ഫെക്ഷന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. എയര്‍കണ്ടീഷണറിലായിരിക്കും ഇത് ഘടിപ്പിക്കുക. വൈറസും ബാക്റ്റീരിയയും നിര്‍ജീവമാകും.
ഭക്ഷണഹാളില്‍ സ്റ്റാന്‍ഡ് എലോണ്‍ ഉപകരണമാണ് ഉപയോഗിക്കുന്നത്. സമ്മേളനഹാളില്‍ ഇരുപതും ഭക്ഷണഹാളില്‍ നാല്‍പ്പതും യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജെ ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് സിഎസ്‌ഐആര്‍ അംഗീകാരത്തോടെ ഈ സംവിധാനം. ഹാളും പരിസരവും ദിവസവും അണുവിമുക്തമാക്കും. പ്രതിനിധികള്‍ക്ക് ചികിത്സയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. രജിസ്ട്രേഷനൊപ്പം ഫോണില്‍ ലഭിക്കുന്ന ആപ് ക്യുആര്‍ കോഡില്‍ ‘ടാപ്’ ചെയ്താല്‍ ആംബുലന്‍സും വൈദ്യസഹായവും മരുന്നുകളും എത്തും.
സ്ഥലത്ത് ഡോക്ടര്‍മാരുടെ സേവനം, വെന്റിലേറ്റര്‍ സൗകര്യത്തോടെ ആംബുലന്‍സ്, കിടത്തിച്ചികിത്സയ്ക്ക് സൗകര്യം, ഫിസിയോതെറാപ്പി കൗണ്ടര്‍ എന്നിവയുമുണ്ട്. മരുന്നും ലഭ്യമാകും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും കനിവ് പാലിയേറ്റീവ് കെയറും ചേര്‍ന്നാണ് വൈദ്യസഹായം ഏര്‍പ്പെടുത്തുന്നത്. ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകും.