എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തതെന്ന് പറഞ്ഞ് പിണങ്ങിയിരുന്ന ചേച്ചിയോട് ഒരു തമാശ പറഞ്ഞു; കെ പി എ സി ലളിതയുടെ എത്ര വലിയ പിണക്കവും ഒരു നര്‍മത്തില്‍ തീരും; മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഡബ്ബിംഗിനിടെ സംഭവിച്ച ഒരു കുഞ്ഞു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധാകന്‍ ഫാസില്‍
സ്വന്തം ലേഖിക
മലയാള സിനിമയില്‍ ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാണ് കെ പി എ സി ലളിതയുടെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.സ്ത്രീ ഭാവങ്ങളെ അസാധാരണമായ സ്വാഭാവികതയോടെ അവതരിപ്പിച്ച പ്രതിഭയായിരുന്നു അവര്‍. പ്രേക്ഷകരെ ഇത്രയേറെ ചിരിപ്പിച്ച ഒരു അഭിനേത്രി ഒരുപക്ഷേ വേറെ ഉണ്ടായിരിക്കില്ല.
ജീവിതത്തിലും നര്‍മത്തിന് ഏറെ പ്രാധാന്യം നല്‍കിയ ആളായിരുന്നു. കെ പി എ സി ലളിതയുടെ എത്ര വലിയ പിണക്കവും അലിഞ്ഞില്ലാതാകാന്‍ ഒരു നര്‍മം കേട്ടാല്‍ മതി. അത്തരത്തില്‍ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഡബ്ബിംഗിനിടെ സംഭവിച്ച ഒരു കുഞ്ഞു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധാകന്‍ ഫാസില്‍.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മോഹന്‍ലാല്‍ കെ.പി.എ.സി ലളിത കൂട്ടുകെട്ടിലെ ‘കുളിമുറി’ രംഗത്തിന് പിന്നിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് സംവിധായകന്‍ വിവരിക്കുന്നത്.’തിരക്കഥാരചന പുരോഗമിക്കുന്നതിനിടയില്‍ ഞാന്‍ മധുവിനോട് (മധു മുട്ടം) പറഞ്ഞു. ഇന്റര്‍വെല്‍ കഴിഞ്ഞ് പ്രേക്ഷകരോട് നമ്മള്‍ വിശ്വസിക്കാന്‍പറ്റാത്ത പലതും പറയാന്‍ പോവുകയാണ്. കാട്ടിക്കൊടുക്കാന്‍ പോവുകയാണ്. അവരുടെ പിരിമുറുക്കം കൂട്ടാന്‍പോവുകയാണ്. അതിനുമുന്‍പ് അവര്‍ക്കൊരു ചായ കൊടുക്കണ്ടേ? ഒരു ഹ്യൂമര്‍. സണ്ണി പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങും മുന്‍പ് ഒരു ഹ്യൂമര്‍ സീന്‍ വേണം.മധുവിന്റെ എപ്പോഴത്തെയും ബലഹീനതയാണ് ഹ്യൂമര്‍. ധൃതിയില്‍ മധു മുറിയിലേക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ധ്യയോടെയാണ് തിരിച്ചുവന്നത്. എഴുതിയ സീന്‍ കയ്യില്‍ തന്നു. അതെന്നെ നോക്കി അടക്കിയടക്കി ചിരിക്കാന്‍ തുടങ്ങി. അപ്പുറത്തെ കുളിമുറിയില്‍ നിന്ന് കെ.പി.എ.സി. ലളിതയുടെ ശബ്ദം ആരാടീ എന്റെ മുണ്ടെടുത്തത്? ഇപ്പുറത്തെ കുളിമുറിയില്‍ നിന്ന് മോഹന്‍ലാലിന്റെ പെണ്‍ശബ്ദം. എടിയല്ല. പിന്നെ. പുരുഷശബ്ദം. എടാ ആണ് എടാ. അങ്ങനെയാണ് ആ മുണ്ട് കോമഡിയുടെ ജനനം. ആ സീനില്‍ ലളിചേച്ചിയുടെ ശബ്ദം മാത്രമ്രേ വേണ്ടൂ. സാന്നിധ്യം ആവശ്യമില്ല.
ഈ സീന്‍ ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിംഗിനായി ചെന്നൈയില്‍ എത്തി. ഞാനന്ന് ഡബ്ബിംഗ് തിയേറ്ററില്‍ ഇല്ല. ലളിതചേച്ചി ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരികയാണ്. വന്ന് വന്ന് കുളിമുറിസീന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ചേച്ചി ഒന്നമ്ബരന്നു. ”ഇതേത് സീന്‍? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.” ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകര്‍ക്ക് പിടികിട്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ചേച്ചി പിണങ്ങിമാറി ഇരുന്നുകളഞ്ഞു.
‘എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീന്‍ എടുത്തു അല്ലേ? ഞാന്‍ അഭിനയിച്ചിട്ടില്ലാത്ത സീന്‍ ഞാനെന്തിന് ഡബ്ബ് ചെയ്യണം. അപ്പോ ഡബ്ബ് ചെയ്യണമെങ്കില്‍ അതിന് വേറെ കാശ് തരണം”. അസോസിയേറ്റ് ഡയറക്ടര്‍ ഷാജി മെല്ലെ മയപ്പെടുത്താന്‍ ശ്രമിച്ചു. ”ചേച്ചി ഡയറക്ടര്‍ ചെയ്തത് നല്ലൊരു കാര്യമല്ലേ?” ചേച്ചി ചോദിച്ചു. ”എന്ത് നല്ല കാര്യം.” ഷാജി പറഞ്ഞു. ”ഈ സിനിമയില്‍ ചേച്ചീടെ കുളിസീന്‍ ഇടാത്തത് നല്ല കാര്യമല്ലേ?” ചേച്ചി ചിരിച്ചുപോയി. പിന്നെ, ”ശരിയാ ഞാനത് ഓര്‍ത്തില്ലാ” എന്നും പറഞ്ഞ് സീന്‍ ഡബ്ബ് ചെയ്തു.