കെപിഎസി ലളിത – ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും വെള്ളിത്തിര കീഴടക്കിയ മികച്ച കോംബോ; ചില സിനിമകളില്‍ കെപിഎസി ലളിത തന്നെ വേണമെന്ന് നിര്‍മാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ്
സ്വന്തം ലേഖിക
കൊച്ചി: അന്തരിച്ച കെപിഎസി ലളിതയും ഇന്നസെന്റും മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളാണ്. ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുവരുടെയും കെമിസ്ട്രി വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ തീര്‍ത്തു. ഇന്നസെന്റ്- കെപിഎസി ലളിത കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യരംഗങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഈ കൂട്ടുകെട്ട്.
മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, ഗജകേസരിയോഗം, മക്കള്‍ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനല്‍കാറ്റ്, മൈഡിയര്‍ മുത്തച്ഛന്‍, ഉത്സവമേളം, കള്ളനും പൊലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, പാവം പാവം രാജകുമാരന്‍, അപൂര്‍വം ചിലര്‍, അങ്ങനെ നീളുന്നു ഇരുവരും തകര്‍ത്തഭിനയിച്ച സിനിമകളുടെ പട്ടിക.
ചില സിനിമകളില്‍ കെപിഎസി ലളിത തന്നെ വേണമെന്ന് നിര്‍മാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. മലയാള സിനിമയില്‍ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നും ഇന്നസെന്റ് അനുസ്മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോപ്പില്‍ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകം 1969ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘ഒതേനന്റെ മകന്‍’, ‘വാഴ്വെ മായം’, ‘ത്രിവേണി’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’, ‘ഒരു സുന്ദരിയുടെ കഥ’, ‘സ്വയംവരം’ തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങള്‍. സഹനായിക വേഷങ്ങളിലാണ് തുടക്കത്തില്‍ തിളങ്ങിയത്.
‘വിയറ്റ്നാം കോളനി’യിലെ പട്ടാളം മാധവി, ‘കോട്ടയം കുഞ്ഞച്ചനി’ലെ ഏലിയാമ്മ, ‘പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി’ലെ പുരുഷവിരോധിയായ സൂപ്രണ്ട്, ‘ഐസ്ക്രീമി’ലെ എലിസബത്ത്, ‘ഗോഡ്ഫാദറി’ലെ കൊച്ചമ്മിണി, ‘മേഘ’ത്തിലെ ആച്ചയമ്മ, ‘പൈ ബ്രദേഴ്സി’ലെ അല്ലു, ‘സി.ഐ.ഡി ഉണ്ണികൃഷ്ണനി’ലെ അമ്മ, ‘മണിച്ചിത്രത്താഴി’ലെ ഭാസുര, ‘ഇഞ്ചക്കാടന്‍ മത്തായി’യിലെ ഏലിക്കുട്ടി, ‘കാട്ടുകുതിര’യിലെ കല്യാണി, ‘പൊന്‍മുട്ടയിടുന്ന താറാവി’ലെ ഭാഗീരഥി, ‘സന്ദേശ’ത്തിലെ ലത, ‘ആദ്യത്തെ കണ്‍മണി’യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ വെള്ളിത്തിരയില്‍ നിറഞ്ഞാടി.
സ്ത്രീ കഥാപാത്രങ്ങളില്ലാത്ത അടൂരിന്റെ ‘മതിലുകള്‍’ എന്ന ചിത്രത്തില്‍ രംഗത്തുവരാതെ സംഭാഷണം കൊണ്ടുമാത്രം സജീവമായ നാരായണി എന്ന തടവുകാരിക്ക് ശബ്ദം നല്‍കിയും ലളിത ശ്രദ്ധ പിടിച്ചുപറ്റി. ക്യാരക്ടര്‍ റോളുകളിലും നര്മവേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ലളിതക്ക് 1991ല്‍ ‘അമ’രത്തിലൂടെയും 2000ത്തില്‍ ‘ശാന്ത’ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.