കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ അഭിലാഷ് തീയറ്റർ സ്‌ക്രീനിൽ ‘നീല’: പ്രതിഷേധവുമായി പ്രേക്ഷകർ; സിനിമ കണ്ടവർക്ക് പണം നഷ്ടമായി: പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് തീയറ്റർ മാനേജ്‌മെന്റ്
സ്വന്തം ലേഖകൻ
കോട്ടയം: നിവിൻ പോളി മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ തീയറ്റർ സ്‌ക്രീനിൽ നീല നിറം കണ്ടത് പ്രതിഷേധത്തിനിടയാക്കി. പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഷോ നിർത്തി വയ്ക്കാനോ, തകരാർ പരിഹരിക്കാനോ തീയറ്റർ അധികൃതർ തയ്യാറായില്ല. ഷോ നടക്കുമ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിനെ തുടർന്ന് രണ്ടര മണിക്കൂറോളം നീല നിറത്തിലുള്ള സ്‌ക്രീനിലാണ് പ്രദർശനം തുടർന്നത്. ഇതോടെ സിനിമ കൃത്യമായി ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചില്ല.
ബുധനാഴ്ച വൈകിട്ട് 5.45 ന് അഭിലാഷ് തീയറ്ററിൽ ആരംഭിച്ച് കായംകുളം കൊച്ചുണ്ണി സിനിമയുടെ സ്‌ക്രീനിലാണ് നീല നിറം പടർന്നത്. തീയറ്ററിലെ സ്‌ക്രീനിന്റെ പകുതിയിലേറെ ഭാഗവും നീലകളറിലായിരുന്നു. ആദ്യം ഇത് കണ്ട് പ്രക്ഷേകർ കൂവി വിളിച്ചെങ്കിലും തീയറ്റർ അധികൃതർ സിനിമ ഓഫ് ചെയ്യുകയായിരുന്നു. പിന്നീട്, വീണ്ടും പ്രദർശനം ആരംഭിച്ചെങ്കിലും ഇതേ നില തന്നെ തുടർന്നു. പ്രേക്ഷകരിൽ ചിലർ പുറത്തിറങ്ങി തീയറ്റർ മാനേജ്‌മെന്റ് അധികൃതരോട് ഇതു സംബന്ധിച്ചു പരാതി പറഞ്ഞു. എന്നാൽ, പ്രശ്‌നം പരിഹരിക്കുകയാണെന്നായിരുന്നു ഇവരുടെ മറുപടി. തുടർന്ന് പ്രേക്ഷകർ മറ്റ് മാധ്യമങ്ങളെ വിവരം അറിയിച്ചു. എന്നാൽ, ആരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിലാണ് പ്രശ്‌നത്തിൽ തേർഡ് ഐ ന്യൂസിനെ ബന്ധപ്പെട്ടത്. ഞങ്ങൾ അഭിലാഷ് തീയറ്റർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അറ്റകുറ്റപണികളും പരിശോധനയും നടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, സിനിമ പൂർത്തിയാകും വരെയും ഇതായിരുന്നു സ്ഥിതി. അടുത്ത ഷോയ്ക്ക് പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പാണ് തീയറ്റർ മാനേജ്‌മെന്റ് തേർഡ് ഐ ന്യൂസിനും നൽകിയത്.
എന്നാൽ, ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് എടുത്ത് കയറിയ പ്രക്ഷകരെ കബളിക്കുന്ന രീതിയിലാണ് തീയറ്റർ അധികൃതർ പെരുമാറിയത്. ഇവർക്ക് പാതി നീല സ്‌ക്രീനിൽ ചിത്രം കാണേണ്ടി വന്നിട്ടും മാനുഷികമായ പരിഗണന പോലും തീയറ്റർ അധികൃതർ നൽകിയില്ല. പലരും കുട്ടികളും കുടുംബങ്ങളുമായാണ് തീയറ്ററിൽ എത്തിയത്. ഇതും പ്രതിഷേധത്തിന് ഇടയാക്കി. ഇവർക്ക് ഷോയുടെ തുക തിരികെ നൽകുകയോ, പകരം മറ്റൊരു ഷോ ക്രമീകരിക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group