play-sharp-fill
‘പ്രേത’ത്തെ ഒഴിപ്പിക്കാന്‍ കേരള പൊലീസ്; മൃതദേഹ പരിശോധനയിലെ പ്രേത പ്രയോഗം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ്

‘പ്രേത’ത്തെ ഒഴിപ്പിക്കാന്‍ കേരള പൊലീസ്; മൃതദേഹ പരിശോധനയിലെ പ്രേത പ്രയോഗം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയുള്ള പ്രേത പ്രയോഗം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നു.


പ്രേത പരിശോധന, പ്രേത വിചാരണ റിപ്പോര്‍ട്ട് എന്നീ പ്രയോഗങ്ങളാണ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങള്‍ ഒഴിവാക്കുന്നത് ആഭ്യന്തരവകുപ്പ് പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പകരം മറ്റ് പദങ്ങള്‍ ഉപയോഗിക്കാമെന്നാണ് ധാരണ. കൊലപാതകമോ, അസ്വാഭാവിക മരണമോ നടന്നാല്‍ പൊലീസ് നടത്തുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്കാണ് ‘പ്രേത പരിശോധന’ എന്ന് പറയുന്നത്. പരിശോധനക്ക് ശേഷം തയ്യറാക്കുന്ന റിപോര്‍ട്ട് ‘പ്രേത വിചാരണ റിപ്പോര്‍ട്ട്’ എന്നുമാണ് അറിയപ്പെടുന്നത്.

പൊലീസിന്‍റെ പ്രേത പ്രയോഗം ഇതുകൊണ്ടും അവസാനിക്കുന്നില്ല. അസ്വാഭാവികമായോ കൊലപാതകമായോ ഉള്ള സംഭവങ്ങളില്‍ മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന പൊലീസുകാരുടെ ജോലിക്ക് പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നാണ് വിളിക്കുന്നത്.

ബ്രിട്ടീഷ് ഭരണ കൊളോണിയല്‍ കാലത്ത് തുടങ്ങിയ ഇത്തരം പദപ്രയോഗം ആധുനിക പൊലീസ് സേന ഉപയോഗിച്ചുവരികയാണെന്ന് ബോബന്‍ മാട്ടുമന്ത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തെ അപമാനിക്കലാണ് ഈ പദപ്രയോഗങ്ങളെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.

ഇന്‍ക്വസ്റ്റ് നടപടികളിലെ പ്രേത പ്രയോഗം ഒഴിവാക്കി പകരം അനുയോജ്യമായ മറ്റ് വാക്കുകള്‍ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും ഉള്‍പ്പടെയാണ് ബോബന്‍ മാട്ടുമന്ത പരാതി നല്‍കിയത്. മൃതദേഹത്തെ പ്രേതമെന്ന് വിശേഷിപ്പിക്കുന്നതിന് പകരം മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.