play-sharp-fill
അവയവദാനത്തിന്റെ മറ്റൊരു മാതൃകയായി രമേഷ്; കണ്ണൂർ സ്വദേശിയായ രമേഷിന്റെ അഞ്ച് അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ജീവനാകും

അവയവദാനത്തിന്റെ മറ്റൊരു മാതൃകയായി രമേഷ്; കണ്ണൂർ സ്വദേശിയായ രമേഷിന്റെ അഞ്ച് അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ജീവനാകും

സ്വന്തം ലേഖിക
മംഗളൂരു: കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീനിലയത്തില്‍ രമേഷ് അവയവദാനത്തിന്റെ മറ്റൊരു മാതൃകയായി. രമേഷിന്റെ ആഗ്രഹമായിരുന്നു മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന്.

തലയിടിച്ചുവീണ് വ്യാഴാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച രമേഷി(56)ന്റെ അവയവങ്ങൾ 5 പേർക്ക് പുതു ജീവൻ നൽകി.


രണ്ട് വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവയാണ്‌ സര്‍ക്കാറിന്റെ അവയവ സ്വീകര്‍ത്താക്കളുടെ പട്ടികയിലുള്ള മുന്‍ഗണനക്കാരെ കണ്ടെത്തി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേഷിന്റെ രണ്ട് കണ്ണുകള്‍ മണിപ്പാലിലെ രണ്ടുപേര്‍ക്ക് പുതുവെളിച്ചമേകും. രണ്ട് വൃക്കകളിലൊന്ന് മംഗളൂരു എ.ജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും മറ്റൊന്ന് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയിലെ രോഗിക്കും ആശ്വാസമാകും. കരള്‍ വിമാനമാര്‍ഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.

സാമൂഹികപ്രവര്‍ത്തകനായ ശ്രീകുമാറാണ് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഫെബ്രുവരി 13-നാണ് വീണ് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ രമേഷിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

അവയവങ്ങള്‍ നീക്കാനായി പിന്നീട് എ.ജെ. ആശുപത്രിയലേക്ക് മാറ്റി. അടുത്തമാസം 31-ന് പൊതുമരാമത്ത് വകുപ്പില്‍നിന്ന് വിരമിക്കാനിരിക്കെയാണ് രമേഷിനെ മരണം കവര്‍ന്നത്.

പരേതനായ ഉണ്ണികൃഷ്ണ മാരാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് രമേഷ്. പ്രേമലതയാണ് ഭാര്യ. മക്കള്‍: സിദ്ധാര്‍ഥ് രമേഷ്, സൗരഭ് രമേഷ്.