video
play-sharp-fill

കൊതുകു കടിച്ച് ഉറക്കം റോഡരികിൽ: സുരക്ഷയ്‌ക്കെത്തിയാൽ കാക്കിക്കാർ പുലികളായി മാറും; സന്നിധാനത്ത് കാവൽ നിൽക്കുന്ന പൊലീസ് സംഘം ജോലി ചെയ്യുന്നത് ഏറെ യാതനകൾ സഹിച്ച്: പഴിപറയുന്നവരും കാണുക ഈ പൊലീസുകാരുടെ കഷ്ടപ്പാടിന്റെ കഥകൾ

കൊതുകു കടിച്ച് ഉറക്കം റോഡരികിൽ: സുരക്ഷയ്‌ക്കെത്തിയാൽ കാക്കിക്കാർ പുലികളായി മാറും; സന്നിധാനത്ത് കാവൽ നിൽക്കുന്ന പൊലീസ് സംഘം ജോലി ചെയ്യുന്നത് ഏറെ യാതനകൾ സഹിച്ച്: പഴിപറയുന്നവരും കാണുക ഈ പൊലീസുകാരുടെ കഷ്ടപ്പാടിന്റെ കഥകൾ

Spread the love
സ്വന്തം ലേഖകൻ
സന്നിധാനം: കാക്കിയണിഞ്ഞാലും തോക്കുപിടിച്ചാലും ഇവരും മനുഷ്യരാണ്.. മനുഷ്യർ മാത്രമാണ്. പിന്നിക്കൂട്ടം പോലും സന്നിധാനത്ത് കൃത്യമായി ഭക്ഷണവും കഴിച്ച് സുരക്ഷിതമായി വിശ്രമിക്കുമ്പോൾ, സന്നിധാനത്തിന്റെ മണ്ണിൽ അയ്യപ്പഭക്തർക്ക് കാവലായി കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞു കൂടുന്നത് യാതനകളുടെ നടുവിൽ. കിടക്കാനിടമില്ലാതെ, ബാരിക്കേഡില്ലാതെ, തമ്പടിക്കാൻ താവളമില്ലാതെ കുടിക്കാൻ വെള്ളമില്ലാതെ റോഡരികിലും മരച്ചുവട്ടിലും ഈ പാവം പൊലീസുകാർ താവളം കണ്ടെത്തുകയാണ്.
മുൻ വർഷങ്ങളിൽ അയ്യപ്പഭക്തരായ പൊലീസുകാർ ചോദിച്ച് വാങ്ങി ഡ്യൂട്ടിയ്ക്ക് വന്നിരുന്ന സന്നിധാനത്ത്, അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി പതിനയ്യായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടെയാണ് പൊലീസിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം പരിമിതപ്പെട്ടു പോയത്.
പരിമിതമായ സാഹചര്യങ്ങൾ, യാതനകളുടെ നടുവിൽ ജോലി ചെയ്ത് പരിചയമുള്ളവരാണെങ്കിലും, ഇത്തവണ ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ യാതനകൾ വിമർശനം നടത്തുന്നവർ പോലും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
അത്യന്തം പവിത്രവും പരിപാവനവുമായ ശബരിമല സന്നിധാനം കലാപഭൂമിയായി മാറിയത് കഴിഞ്ഞ സെപ്റ്റംബർ 28 മുതലാണ്.
സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി സംഘപരിവാർ സംഘനടകൾ മലകയറി സന്നിധാനത്തേയ്ക്ക് എത്തി. പ്രതിഷേധ സമരങ്ങൾ സന്നിധാനത്തെ കലാപകലുഷിതമായ അന്തരീക്ഷത്തിലേയ്ക്ക് കൊണ്ടെത്തിച്ചതോടെ കാവലിന് കൂടുതൽ പൊലീസ് സംഘത്തെയും ഇവിടെ എത്തിക്കേണ്ടി വന്നു.
ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നതോടെ ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ വൻ പൊലീസ് സന്നാഹം തന്നെ ഒരുക്കിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. ഇതോടെ സുപ്രീം കോടതിയിൽ നിന്നും കേസിൽ മറിച്ചൊരു വിധിയുണ്ടായില്ലെങ്കിൽ സന്നിധാനം മകരവിളക്ക് സീസണിൽ സംഘർഷ കലുഷിതമാകുമെന്ന് ഉറപ്പായിരുന്നു.
ഇതേ തുടർന്ന് പതിനയ്യായിരം പൊലീസുകാരെ സന്നിധാനത്ത് വിന്യസിച്ച് പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നത് സാധാരണക്കാരായ പൊലീസുകാർക്കാണ്. ഉന്നത ഉദ്യോഗസ്ഥർ പൊലീസിനു അനുവദിച്ച ക്വാർട്ടേഴ്‌സുകളിലും, എ.സി മുറികളിലും എസി കാറിലും മാറിമാറി കറങ്ങുമ്പോഴാണ് വൃത്തിയുള്ള ബാരിക്കേഡ് പോലുമില്ലാതെ സാദാ പൊലീസുകാർ കടത്തിണ്ണിയിലും മരച്ചുവട്ടിലും കിടന്നുറങ്ങിയത്. സി.ഐ മുതൽ താഴേയ്ക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയെല്ലാം അവസ്ഥ ഇത്തവണ സന്നിധാനത്ത് അതീവ ദയനീയമായിരുന്നു.
മറ്റു സംഘർഷ സാധ്യതാ സ്ഥലങ്ങളിൽ നിന്നു വ്യത്യസ്തമായി പൊലീസ് അതീവ ജാഗ്രതയും സംയമനവും സന്നിധാനത്ത് കാട്ടിയതിന്റെ ഭാഗമാണ് ഇക്കുറി സന്നിധാനത്ത് ഇതുവരെ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരുന്നത്. തങ്ങളുടെ യാതനകളും ദുരിതങ്ങളും മാറ്റിവച്ചാണ് കാക്കിയണിഞ്ഞ് ഈ സംഘം ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്നത്. പ്രതിഷേധക്കാരും പൊലീസിനു നേരെ കല്ലെറിയുന്നവരും വിമർശകരും പക്ഷേ, ഈ ദുരിതങ്ങളൊന്നും കാണുന്നതേയില്ല.