play-sharp-fill
കോട്ടയം നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു; പകല്‍ പോലും വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയിൽ ജനങ്ങൾ;പനച്ചിക്കാട്‌ പഞ്ചായത്തിൽ രണ്ട്‌ വീടുകളിലെ പശുക്കളെയും നായ്‌ക്കളെയും തെരുവ്‌ നായ ആക്രമിച്ചു

കോട്ടയം നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു; പകല്‍ പോലും വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയിൽ ജനങ്ങൾ;പനച്ചിക്കാട്‌ പഞ്ചായത്തിൽ രണ്ട്‌ വീടുകളിലെ പശുക്കളെയും നായ്‌ക്കളെയും തെരുവ്‌ നായ ആക്രമിച്ചു

സ്വന്തം ലേഖകൻ

കൊല്ലാട്‌: ജില്ലയിലെ പല പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷമാകുന്നു.പനച്ചിക്കാട്‌ പഞ്ചായത്തിൽ രണ്ട്‌ വീടുകളിലെ പശുക്കളെയും നായ്‌ക്കളെയും തെരുവ്‌ നായ ആക്രമിച്ചു.


ആക്രമണത്തിന്‌ ശേഷം തെരുവ്‌ നായ പ്രദേശത്ത്‌ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നത്‌ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട്‌ പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ കൊല്ലാട്‌ സെന്റ്‌ മേരീസ്‌ യു.പി. സ്‌കൂളിന്റെ പരിസരത്താണ്‌ ഇന്നലെ രാവിലെ തെരുവുനായ ഭീതി വിതച്ചത്‌.
പള്ളിക്കവല പാറയില്‍ താഴെ അനിയപ്പന്റെ ആറ്‌ മാസം പ്രായമുള്ള പശുക്കിടാവിന്റെ നെറ്റിയില്‍ കടിച്ച്‌ പരുക്കേല്‍പ്പിച്ചു. കൊച്ചിക്കുന്നേല്‍ ആനി ജോസഫിന്റെ പ്രസവിച്ച്‌ ഒരു മാസം കഴിഞ്ഞ പശുവിന്റെ മൂക്കില്‍ കടിച്ച്‌ പരുക്കേല്‍പ്പിച്ചു. ഇവരുടെ തന്നെ മറ്റൊരു കിടാവിന്റെ വലത്‌ കണ്ണിന്‌ കടിയേറ്റു.

പാറയ്‌ക്കല്‍ ജോര്‍ജിന്റെ വളര്‍ത്ത്‌ നായയെയും കടിച്ചു. പരിക്കേറ്റ വളര്‍ത്ത്‌ മൃഗങ്ങളെയുമായി ഉടമകള്‍ മൃഗാശുപത്രിയില്‍ എത്തി ചികിത്സ തേടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പനച്ചിക്കാട്‌ പഞ്ചാത്ത്‌ ആക്‌ടിങ്‌ പ്രസിഡന്റ്‌ റോയി മാത്യുവും, മെമ്പർ നൈസി മോളും സ്‌ഥലത്ത്‌ എത്തി. തുടര്‍ന്ന്‌, നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ അംഗങ്ങള്‍ പ്രദേശത്തു തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.

പനച്ചിക്കാട്‌ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും കോട്ടയം നഗരസഭാ പരിധിയിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്‌. പകല്‍ പോലും വഴിയിലൂടെ നടക്കാന്‍ കഴിയാത്ത വിധമാണ്‌ നഗരത്തില്‍ പലയിടങ്ങളിലും തെരുവുനായ ശല്യം. രാത്രികാലങ്ങളില്‍ തെരുവുനായകള്‍ റോഡിനു കുറുകേ ചാടുകയും കുരച്ചു ചാടുകയും ചെയ്യുന്നതിനാല്‍ അപകടത്തില്‍പ്പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണവും വര്‍ധിക്കുകയാണ്‌. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.