play-sharp-fill
മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടൻ ആസിഫലിക്കെതിരെ  ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം; കുടിശിക ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസ് അവഗണിച്ചു; നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ജോജു ഉള്‍പ്പെടെയുള്ള  മലയാള സിനിമാരം​ഗത്തെ പന്ത്രണ്ട് പേർക്കെതിരെ നടപടി

മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടൻ ആസിഫലിക്കെതിരെ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം; കുടിശിക ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസ് അവഗണിച്ചു; നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ജോജു ഉള്‍പ്പെടെയുള്ള മലയാള സിനിമാരം​ഗത്തെ പന്ത്രണ്ട് പേർക്കെതിരെ നടപടി

സ്വന്തം ലേഖകൻ
കൊച്ചി: മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടൻ ആസിഫലിക്കെതിരെ എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗം പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന്‍ ജോജു ഉള്‍പ്പെടെയുള്ള മലയാള സിനിമാരം​ഗത്തെ പന്ത്രണ്ട് പേർക്ക് വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് നല്കി.

അന്വേഷണ കാലപരിധിയില്‍ 25 സിനിമകളില്‍ അഭിനയിക്കുകയും 15 സിനിമകള്‍ക്കു മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്ത ആസിഫ് അലി ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസ് അവഗണിച്ചു. അതിനു ശേഷം 6 ആഡംബര വാഹനങ്ങള്‍ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ നികുതി വകുപ്പ് തീരുമാനിച്ചത്.


നടന്മാര്‍ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാല്‍, ഈ തുക ഇളവു ചെയ്തു നികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണു നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. നിര്‍മ്മാതാക്കള്‍ നല്‍കിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജോജു ഉല്‍പ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നികുതി തിരിച്ചടക്കാതിരുന്നതിനാലാണ് ആസിഫിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചത്. മറ്റുള്ളവര്‍ നികുതി അടച്ചാല്‍ നടപടികളില്‍ നിന്നും ഒഴിവാകാം.

2017-21 വര്‍ഷങ്ങളിലെ സിനിമാ നിര്‍മ്മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാര്‍ക്കും നല്‍കിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട നികുതി വകുപ്പ്, ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണു നികുതിയടവില്‍ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടികളിലേക്കു കടക്കുന്നത്.

സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവര്‍ക്കും നോട്ടിസ് നല്‍കിയ ശേഷവും നികുതിയടയ്ക്കാന്‍ തയാറാകാത്ത 12 പേര്‍ക്കെതിരെയാണു നിയമനടപടിയാരംഭിച്ചത്. നികുതി വകുപ്പ് ഐബി(ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്) ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ജിഎസ്ടി അടയ്ക്കാതിരിക്കാന്‍ പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു കറന്‍സിയായി ആവശ്യപ്പെട്ടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമാ നിര്‍മ്മാണ രംഗത്തു വന്‍തോതില്‍ കള്ളപ്പണം വിനിയോഗിക്കാന്‍ വഴിയൊരുക്കുന്നതായുള്ള റിപ്പോര്‍ട്ട് കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ കേന്ദ്ര ധനകാര്യവകുപ്പിനു കൈമാറിയിരുന്നു. ഇഡിയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന കണ്ടെത്തലാണു തെളിവു സഹിതം സംസ്ഥാന നികുതി വകുപ്പും നടത്തിയിരിക്കുന്നത്.