മണിക് സർക്കാരിന് നേരേ ആക്രമണം. വാഹനം അടിച്ചുതകർത്തു. നടപടി ആവശ്യപ്പെട്ട് പിണറായി
സ്വന്തം ലേഖകൻ
ത്രിപുര: ത്രിപുര മുൻ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക്ക് സർക്കാരിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ രസ്തർമാത എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി പി എം ആരോപിച്ചു.
മണിക് സർക്കാരിനൊപ്പം മുൻ മന്ത്രിമാരായ ഭാനുലാൽ ഷാ, ഷാഹിദ് ചൗധരി എന്നിവരും എംഎൽഎമാരായ ശ്യാമൽ ചക്രബർത്തി, നാരായൺ ചൗധരി എന്നിവരും ഉണ്ടായിരുന്നു. അക്രമികൾ വാഹനം അടിച്ചു തകർത്തു. പൊലീസെത്തിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവസാനിച്ചത്. ബിജെപി ജയിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് മണിക് സർക്കാരിനെതിരായ ആക്രമണം.
അതേസമയം ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ പിണറായി അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.