
രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം ഷാനിനെ വിളിച്ചിറക്കി കൊണ്ടുപോയി; മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്കിയ പൊലീസ് സ്റ്റേഷന് മുന്നിൽ മകൻ്റെ ചേതനയറ്റ ശരീരം; ഗുണ്ടകളുടെ കുടിപ്പകയെന്ന് പൊലീസ്; കാപ്പ ചുമത്തപ്പെട്ട പ്രതി ജില്ലയിലെത്തിയത് അപ്പീൽ ലഭിച്ചതിനെ തുടർന്ന്; അരുംകൊലയിൽ വിറങ്ങലിച്ച് കോട്ടയം
സ്വന്തം ലേഖിക
കോട്ടയം: രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയതിന് പിന്നാലെ മകനെ കാണാനില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഷാനിനെ കണ്ടെത്താന്‍ വാഹന പരിശോധന ഉള്‍പ്പടെ നടക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ജോമോന് കെ ജോസ് ഷാനിന്റെ മൃതദേഹം തോളില്‍ ചുമന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നാലുപേര്‍ കൂടി കൊലപാതകം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സൂര്യന് എന്ന് പേരുള്ള ഒരാളുടെ സുഹൃത്താണ് കൊല്ലപ്പെട്ട ഷാന്‍ എന്നതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പിടിയിലായ സമയം ജോമോന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സൂര്യനെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഇയാളിപ്പോള്‍ തൃശൂരിലാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജോമോനും സൂര്യനും തമ്മില്‍ ഫേസ്ബുക്കിലൂടെ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട ഷാന്‍ ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയായിരുന്നില്ല. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിടിയിലായ ജോമോന് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ ദിവസം അപ്പീല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ജില്ലയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു.