ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി; ചാന്‍സലര്‍ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു
സ്വന്തം ലേഖിക
തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി.
അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ സംസാരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ചികിത്സയ്ക്ക് വേണ്ടി താന്‍ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിനോട് പോസീറ്റിവായിട്ടാണ് ഗവര്‍ണര്‍ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സര്‍വ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളില്‍ സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരു ഗവര്‍ണറും ഇത്ര പരസ്യമായ ആരോപണങ്ങളും വിമര്‍ശനവും സര്‍ക്കാരിന് നേരെ ഉയര്‍ത്തിയിട്ടില്ല.
ഇത്രയേറെ ഗുരുതര വിഷയങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി താനുമായി സംസാരിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തനാണെന്നും സൂചനകളുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരത്തുണ്ടായിട്ടും രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണറെ കാണാതെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചതും കൗതുകകരമാണ്.