മരിച്ചുപോയയാളുടെ പെന്ഷന് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ചു; നാല് ട്രഷറി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
സ്വന്തം ലേഖിക
പത്തനംതിട്ട: മരിച്ചുപോയ ആളുടെ ട്രഷറിയിലെ പെന്ഷന് അക്കൗണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ അപഹരിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.
കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ജി കെ. ജോണ്‍, ജില്ല ട്രഷറി സൂപ്രണ്ട് ദേവരാജന്‍, ക്ലര്‍ക്ക് ആരോമല്‍, റാന്നി പെരുനാട് സബ്ട്രഷറി ക്ലാര്‍ക്ക് സഹീര്‍ മുഹമ്മദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂണിലാണ് സംഭവം. ഓമല്ലൂരിലുള്ള മരിച്ചുപോയ വയോധികയുടെ പെന്ഷന് അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് അപഹരിച്ചത്. ജില്ല ട്രഷറിയില്‍ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന പുതുതായി എത്തിയ എല്‍.ഡി.സി. ജീവനക്കാരന്റെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് സഹീര്‍ മുഹമ്മദ് തട്ടിപ്പ് നടത്തിയത്.
ഇവരുടെ പെന്ഷന് അക്കൗണ്ടില്‍ എട്ട് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെന്നാണ് സൂചന. നാളുകളായി അക്കൗണ്ടില്‍ കിടന്നിരുന്ന പണത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
അവകാശികളെത്തുന്നില്ലെന്ന് കണ്ടതോടെയാണ് സഹീര്‍ മുഹമ്മദ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
വ്യാജഅക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇവരുടെ പണത്തിന്റെ പലിശ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇയാള്‍ പത്തനംതിട്ടയില്‍ നിന്ന് പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറി. അവിടെയും രണ്ട് ജീവനക്കാരുടെ പാസ് വേര്‍ഡ് മനസ്സിലാക്കി ഇതേരീതിയില്‍ പണം തട്ടി.
ഇതില്‍ ഒരു ജീവനക്കാരന് അവധിയിലായപ്പോഴാണ് ക്രമക്കേട് നടത്തിയത്. അവധി കഴിഞ്ഞ് വന്ന ജീവനക്കാരന് പരിശോധിച്ചപ്പോഴാണ് ചെക്ക് വെക്കാതെ പണം മാറിയിരിക്കുന്നത് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ഇയാള്‍ മേലധികാരിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോഴാണ് പത്തനംതിട്ടയിലാണെന്നും ഈ ജീവനക്കാരനാണെന്നും കണ്ടെത്തുന്നത്. തുടര്‍ന്നാണ് രണ്ടിടത്തെയും നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.