ഹേമ കമ്മീഷൻ റിപ്പോർട്ട് മൂടിവെക്കുന്നത് ഉന്നതരെ വെള്ളപൂശാനോ? കമ്മീഷന്റെ പേരിൽ ഹേമ കൈപ്പറ്റിയത് ഒരുകോടി രൂപ; കമ്മീഷന്റെ ആകെ ചെലവ് ഒരുകോടി ആറുലക്ഷം രൂപ; ഒരുകോടിയ്ക്ക് മുകളിൽ മുടക്കിയിട്ടും റിപ്പോർട്ട് വെളിച്ചം കണ്ടില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷന്റെ പ്രവർത്തനങ്ങൾക്കായി സർക്കാര് വിനിയോ​ഗിച്ച ചെലവ് കണ്ടാൽ മൂക്കത്ത് വിരൽ വെക്കുകയല്ലാതെ മറ്റ് മാർ​ഗമൊന്നുമില്ല. സിനിമ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ട് വർഷമായിട്ടും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ആണ് പുതിയ വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷനായി സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. ഇതിൽ ഒരു കോടി മൂന്ന് ലക്ഷം രൂപയും കൈപ്പറ്റിയിരിക്കുന്നത് ജസ്റ്റിസ് ഹേമ തനിച്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് സമർപ്പിച്ച്‌ രണ്ട് വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ചെലവിൻറെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017 ജൂലൈയിൽ സർക്കാർ മൂന്നംഗ കമ്മീഷനെ നിയമിച്ചു ഉത്തരവിട്ടത്. 2017 മുതൽ 2020 വരെയുള്ള ഈ കാലയളവിൽ 1 കോടി 6 ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ കമ്മീഷൻറെ പ്രവർത്തനങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയെന്നാണ് സാംസ്കാരിക വകുപ്പ് നൽകിയ വിവരാവകാശ രേഖയിൽ ഉള്ളത്.

2020 മാർച്ച്‌ 31ന് 60 ലക്ഷം രൂപയും അതിനുമുമ്പ് നാലു തവണകളിലായി അഞ്ചു ലക്ഷം രൂപ വീതവും, 5 തവണകളിലായി 23,22,254 രുപയും കൈപ്പറ്റിയെന്ന് സാംസ്കാരിക വകുപ്പ് നൽകിയ രേഖ വ്യക്തമാക്കുന്നു. 1,03,22,254 രൂപ ജസ്റ്റിസ് ഹേമ തന്നെയാണ് കൈപ്പറ്റിയിരിക്കുന്നത്. പ്രമുഖരുടെ അടക്കം പേരുള്ളതിനാലാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് കോടികൾ വരുന്ന കമ്മീഷൻറെ ചെലവിൻറെ വിവരങ്ങൾ പുറത്തു വന്നത്. കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമ മേഖലയിലെ വനിതകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കേട്ട മട്ടില്ല.

അതേ സമയം,ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതിൽ വിമർശനം അറിയിച്ച് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഉന്നതരെ വെള്ളപൂശുന്നതിന് വേണ്ടിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൽ പാർവ്വതി തിരുവോത്ത്,റിമ കല്ലിങ്കൽ തുടങ്ങിയ ഡബ്ല്യുസിസി അംഗങ്ങളും വിമർശനം അറിയിച്ചിരുന്നു.

2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ ഒരു സമിതിയെ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നിയോഗിച്ചത്. രണ്ടര വർഷത്തെ പഠനത്തിനും തെളിവെടുപ്പുകൾക്കും ശേഷം 2019 ഡിസംബർ 31ന് കമ്മീഷൻ സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു സമിതിയുടെ പ്രധാന ചുമതല. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വൽസല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.

സിനിമ രംഗത്ത് ശക്തമായ നിയമ നിർമ്മാണം വേണമെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ ചില പുരുഷൻമാർ നിർബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷമായിട്ടും സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനോ റിപ്പോർട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല.