തമിഴ്‌നാട്ടിൽ ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അരലക്ഷത്തിലധികംപേരെ മാറ്റി പാർപ്പിച്ചു. തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത.
സ്വന്തം ലേഖകൻ
തമിഴ്‌നാട്: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തിൽ വീശിയ കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം 12.30-ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റിൽ തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയും ചെയ്തു.
തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ദുരിതത്തെ തുടർന്ന് രാമനാഥപുരം, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ കാരയ്്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണ്ണാ സർവകലാശാല, തിരുവാരൂർ കേന്ദ്ര സർവകലാശാല, ചിദംബരം അണ്ണാമലൈ സർവകാശാല, തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലകൾ എന്നിവ ഈ ദിവസം നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷകളും മാറ്റി.
അതേസമയം ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.
ഇന്നും നാളെയും മലയോര, തീരമേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. ഇന്നു വൈകിട്ടുമുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകണമെന്നും നിർദേശിച്ചു.