
സ്വന്തം ലേഖകൻ
കൊച്ചി: പെൺകുട്ടികളുണ്ടായതിന് ശേഷം ഭർത്താവ് സ്നേഹിക്കുന്നില്ലെന്ന പരാതിയുമായി ഇരുപത്തഞ്ചുകാരിയായ യുവതി. കൊച്ചിയിലെ വനിതാ കമ്മീഷൻ അദാലത്തിലാണ് യുവതി ഭർത്താവിനെതിരെ പരാതിയുമായി എത്തിയത്.
പെൺകുട്ടികളെ പ്രസവിച്ചതിന് ശേഷം തനിക്ക് സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപത്തിയഞ്ച് വയസുകാരിയായ ഇവർക്ക് രണ്ട് വയസും ഒരു മാസവും പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളാണുള്ളത്. എന്നാൽ ഭാര്യയുടെ പരാതി ഭർത്താവ് നിഷേധിച്ചു.
യുവതിയുടെയും ഭർത്താവിന്റെയും വാദം കേട്ട വനിതാ കമ്മിഷൻ ഇരുവരെയും കൗൺസലിങ്ങിന് വിധേയരാക്കാൻ തീരുമാനിച്ചു. പെൺകുട്ടി പിറന്നുവെന്ന കാരണത്താൽ ഭർത്താവിൽ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി പ്രതികരിച്ചു.
സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചർച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു.
കമ്മിഷൻ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു. നൂറ് കണക്കിന് പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്.



