
സ്വന്തം ലേഖകൻ
കോട്ടയം : സി.പി.എം ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍.
സമ്മേളനത്തിന്റെ ഭാഗമായി പതാക – കൊടിമര ജാഥകള്‍ നാളെ വൈകിട്ട് നാലിന് ജില്ലാ ആശുപത്രിയ്ക്ക് സമീപം കേന്ദ്രീകരിച്ച് പ്രകടനമായി തിരുനക്കര മൈതാനത്ത് എത്തും. വൈകിട്ട് 5 ന് പഴയ പൊലീസ് സ്റ്റേഷന് മൈതാനത്ത് സ്വാഗതസംഘം ചെയര്മാന് അഡ്വ.കെ. സുരേഷ്കുറുപ്പ് പതാക ഉയര്‍ത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ജില്ലയിലെ വിവിധ സമരങ്ങളുടെ ചരിത്രാവതരണമായ ‘സമരസാക്ഷ്യം’ നടക്കും. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും.13 ന് മാമ്മന്‍മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.
എ.വിജയരാഘവന്, വൈക്കം വിശ്വന്, ഡോ.ടി.എം തോമസ് ഐസക്, പി.കെ.ശ്രീമതി, എം.സി.ജോസഫൈന്, എളമരം കരീം, എം.എം.മണി, കെ.ജെ.തോമസ്, പി.രാജീവ്, വി.എന്‍.വാസവന് എന്നിവര്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് പഴയ പൊലീസ് സ്റ്റേഷന് മൈതാനത്ത് നടക്കുന്ന സാംസ്കാരിക സംഗമം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. 13 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ധനവിചാര സദസ് ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. 14ന് വൈകിട്ട് അഞ്ചിന് ‘മതരാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. 15 ന് വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എ.വിജയരാഘവന് ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയേറ്റ് അഗങ്ങളായ ടി.ആര്.രഘുനാഥന് കെ.എം.രാധാകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
അതേ സമയം, ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണ, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നു നിയന്ത്രണം വന്നെങ്കിലും രാഷ്ട്രീയ പരിപാടികൾക്കു നിയന്ത്രണമില്ല. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതു മൂലമാണിതെന്നു വിമർശനം ഉയർന്നു. ശരാശരി 300 പേർ വീതം പങ്കെടുക്കുന്ന 6 ജില്ലാ സമ്മേളനങ്ങളാണ് ഈ മാസം പൂർത്തിയാകാനുള്ളത്.
കല്യാണ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ്. രാഷ്ട്രീയ പരിപാടികൾ അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ നേരിട്ടു നടത്താം. അകലം ഉറപ്പാക്കണമെന്നും പൊതുയോഗം ഒഴിവാക്കണമെന്നുമാണു നിബന്ധന. എന്നാൽ ജില്ലാ സമ്മേളനങ്ങളൊന്നും ഓൺലൈനായി നടത്താൻ സിപിഎം തീരുമാനിച്ചിട്ടില്ല. പൊതുസമ്മേളനം ഒഴിവാക്കുന്നുമില്ല. പ്രതിനിധികളുടെ എണ്ണം കുറച്ചും അകലം പാലിച്ചും നടത്താനാണു പാർട്ടി തീരുമാനം.
പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. എന്നാൽ കല്യാണ, മരണാനന്തര ചടങ്ങുകളിൽ അനുവദിക്കുന്നതിന്റെ ആറിരട്ടിയെങ്കിലും ആളുകളെ പങ്കെടുപ്പിച്ചാണു ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത്. പൂർണമായും അടച്ചിട്ട സ്ഥലത്താണിതെന്ന പ്രത്യേകതയുമുണ്ട്.
കാസർകോട്, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളാണു പൂർത്തിയാകാനുള്ളത്. കോഴിക്കോട്ട് ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 250 പ്രതിനിധികളുണ്ട്. പുറമേ, ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളുമുണ്ട്; വൊളന്റിയർമാർ വേറെയും. നാളെ കോഴിക്കോട് കടപ്പുറത്തു പൊതുസമ്മേളനവുമുണ്ട്.
തിരുവനന്തപുരത്ത് 14നു തുടങ്ങുന്ന സമ്മേളനത്തിൽ പ്രതിനിധികൾ മാത്രം 198 പേരുണ്ട്. മാർച്ച് ആദ്യവാരം എറണാകുളത്തു സംസ്ഥാന സമ്മേളനത്തിൽ ജില്ലാ സമ്മേളന പ്രതിനിധികളുടെ ഇരട്ടിപ്പേർ പങ്കെടുക്കും. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 582 പ്രതിനിധികളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലാണ്. ഒമിക്രോൺ വ്യാപനം എത്ര തീവ്രമായാലും ഏപ്രിൽ രണ്ടാം വാരത്തിനുശേഷമേ രാഷ്ട്രീയ പരിപാടികൾക്കു നിയന്ത്രണമുണ്ടാകൂ എന്ന വിമർശനമാണുയരുന്നത്.



