
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനിടെ, ലോക്ക്ഡൗൺ ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
നിയന്ത്രണങ്ങൾ കർശനമാക്കി വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി എല്ലാവരും കരുതൽ നടപടി സ്വീകരിക്കണം. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമൈക്രോൺ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ്. ഒരാൾക്ക് രോഗം വന്നാൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും രോഗം വരാൻ സാധ്യത കൂടുതലാണ്.
രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പുറമേയ്ക്ക് ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും രോഗം പിടിപെടാം. ഇവരിൽ നിന്ന് പ്രായമായവർക്കും മറ്റു ഗുരുതര രോഗമുള്ളവർക്കും രോഗം പകരാൻ സാധ്യത കൂടുതലാണ്. അതിനാൽ കരുതൽ ഉണ്ടാകണമെന്ന് വീണാ ജോർജ് മുന്നറിയിപ്പ് നൽകി.
നിലവിൽ വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിർബന്ധമായി ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവായാൽ വീണ്ടും ഏഴുദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.
കേന്ദ്രസർക്കാരാണ് മാർഗനിർദേശം പുതുക്കിയത്. ഇതനുസരിച്ചുള്ള നടപടിയാണ് സംസ്ഥാനത്ത് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതലായും ഒമൈക്രോൺ സ്ഥിരീകരിച്ചത്. അതിനാൽ വിദേശത്ത് നിന്ന് വരുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീണാ ജോർജ് വ്യക്തമാക്കി.



