കോട്ടയത്ത് ഭക്ഷ്യസുരക്ഷാവകുപ്പിൻ്റെ പരിശോധന: 93 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
സ്വന്തം ലേഖിക
കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയ 93 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
13 സ്ഥാപനങ്ങളില്‍ നിന്ന് പിഴയടയ്ക്കാനുള്ള നടപടി സ്വീകരിച്ചു. ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് 21 മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കാന്‍ നടപടിയെടുത്തു. ഇവിടെ നിന്ന് പഴകിയതായി കണ്ടെത്തിയ 49 കിലോ മത്സ്യം നശിപ്പിച്ചതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞമാസം ജില്ലയിലെ 418 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 56 സ്റ്റാറ്റിറ്റ്യൂട്ടറി സാമ്പിളുകളും, 173 സര്‍വെയിലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
സുരക്ഷിതമല്ലെന്നു കണ്ടെത്തിയ പക്കാവട (ഈരാറ്റുപേട്ട കാലിക്കട്ട് സ്വീറ്റ്‌സിന്റെ 22.11.2021 ബാച്ച് നമ്പര്‍ വി.സി.017), ടീ റസ്‌ക് (ആലപ്പുഴ എന്‍.ജി.എസ്. ഫുഡ്‌സിന്റെ 27.11.2021 ബാച്ച് നമ്പര്‍ റ്റി 11/21) എന്നിവ വിപണിയില്‍ നിന്നു പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള ഗുണനിലവാരം രേഖപ്പെടുത്താതെ 2021 സെപ്റ്റംബറില്‍ പായ്ക്കു ചെയ്ത തിരുവനന്തപുരം ചോയ്‌സ് ഹെര്‍ബല്‍സിന്റെ നറു നെയ്ക്കെതിരേ ( ബാച്ച് നമ്പര്‍ 119) നിയമ നടപടിയെടുത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിര്‍മിച്ച മധുര വേല്‍ കണ്‍ഫെക്ഷനറിയുടെ മിഠായി, തൃശൂര്‍ അഫാന്‍ ഫുഡ് പ്രൊഡക്‌ട്‌സിന്റെ സിന്തറ്റിക് വിനാഗിരി (മെയ് 2021, ബാച്ച് നമ്പര്‍ സിഎം01), വൈക്കം വേമ്പനാട് ഓയില്‍ മില്‍സിന്റെ വെളിച്ചെണ്ണ(നവംബര്‍ 2021 ന് നിര്‍മ്മിച്ചത്), മൂവാറ്റുപുഴ ഫിലോമിനാസ് ഫുഡ് പ്രൊഡക്‌ട്‌സിന്റെ മുതിര മുളപ്പിച്ചത് (21121, ബാച്ച് നമ്പര്‍ പി.എഫ്.പി. നവംബര്‍ 2) എന്നിവയ്‌ക്കെതിരെ ലേബല്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിയമനടപടി ആരംഭിച്ചു.
ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തിയതിന് നാലു ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.