ശബരിമല : സംസ്ഥാനത്തിന്റെ സാമ്പത്തികനില തകിടം മറിയ്ക്കും
സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാൾ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് വിവേകപൂർവം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവർക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്ക് പറഞ്ഞു.
ശബരിമല ഉൾപ്പെടെയുളള അമ്പലങ്ങളിൽ കാണിക്ക ഇടരുതെന്ന വലിയ പ്രചാരണം നടക്കുകയാണ്. ഇത് അമ്പലങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കിയേക്കാം. നിശ്ചയമായും അമ്പലങ്ങളുടെ ആവശ്യങ്ങൾക്ക് കുറവ് വരരുത്. അപ്പോൾ സർക്കാരിന്റെ ബാധ്യത വർധിക്കും. നിലവിൽ നിർമ്മാണ പ്രവൃത്തികൾക്ക് അല്ലാതെ ഭരണനിർവഹണത്തിന് മാത്രമായി അമ്പലങ്ങൾക്ക് 50 കോടി രൂപ സർക്കാർ നൽകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പക്ഷേ കൂടുതൽ നൽകേണ്ടി വരാമെന്ന് മന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി ഇത്രയും ആളുകൾ കേരളത്തിലേക്ക് വരുമ്പോൾ അവർ ദർശനം കഴിഞ്ഞ് ഒരു ദിവസം കേരളത്തിൽ തങ്ങിയിട്ട് പോകുന്നതാണ് പതിവ്. എന്നാൽ ഇന്നത്തെ അന്തരീക്ഷം ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചേക്കാം. അല്ലെങ്കിൽ തന്നെ സന്ദർശകരുടെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
പ്രളയമാസത്തിൽ ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവുണ്ടായി. ഇത് സർക്കാരിനെ ബാധിക്കാമെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.