play-sharp-fill
കട്ടപ്പന സബ്​രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി

കട്ടപ്പന സബ്​രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി

സ്വന്തം ലേഖിക

കട്ടപ്പന: കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്‍റെ മിന്നല്‍പരിശോധനയില്‍ കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി.

ഓഫീസില്‍ സാമ്പത്തിക ക്രമക്കേട്​ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് കോട്ടയം വിജിലന്‍സ് എസ്​.പി വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ വിജിലന്‍സ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലന്‍സ് ഇന്‍സ്​പെക്ടര്‍മാരായ സജു എസ്. ദാസ്, ജയകുമാര്‍, സബ് ഇന്‍സ്​പെക്ടര്‍ തോമസ്, സ്റ്റാന്‍ലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലന്‍സ് പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍ ചന്ദ്​, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുല്‍ രവി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ബുധനാഴ്​ച വൈകീട്ട്​ നാ​ലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. കണക്കില്‍പെടാത്ത 43,450 രൂപക്കു പുറമെ സീനിയര്‍ ക്ലര്‍ക്കിന്‍റെ പക്കല്‍ നിന്ന്​ 3470 രൂപയും റെക്കോർഡ് കോംപാക്‌ട് റൂം ഫയലുകള്‍ക്കിടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി.

43,450 രൂപ സബ്​രജിസ്​ട്രാര്‍ ഓഫീസറുടെ മേശയില്‍ നിന്നാണ് പിടികൂടിയത്​. സംശയം ഉളവാക്കുന്ന ചില ഫയലുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും.

രജിസ്ട്രേഷന്‍ സംബന്ധിച്ച നിരവധി ക്രമക്കേടുകള്‍ ഓഫീസുമായി ബന്ധപ്പെട്ട്​ പുറത്തുവരുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്‌ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.