ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത നടപടി അന്യായം; ആര്‍എസ്എസ് അജണ്ട ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചു പോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പൊലീസ് നടപടി ആര്‍.എസ്എസ് അജണ്ട ആഭ്യന്തരം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ പോലീസിനെ ആര്‍എസ്എസ്സിന് പാട്ടത്തിനു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും എന്നു പ്രകോപന മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്സുകാരെ സംരക്ഷിക്കുന്ന പോലീസ് അവരെ വിമര്‍ശിച്ചതില്‍ പക വീട്ടുന്നത് ഇടതു സര്‍ക്കാരിനു കീഴില്‍ പോലീസിലെ ആര്‍എസ്എസ് നിയന്ത്രണം വ്യക്തമാക്കുന്നു.
സംസ്ഥാന വ്യാപക കലാപമുണ്ടാക്കാന്‍ ആയുധമേന്തി പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനങ്ങള്‍ നടത്തിയ ആര്‍എസ്എസ്സിന്റെ ഒരു പ്രവര്‍ത്തകനെ പോലും കസ്റ്റഡിയിലെടുക്കാന്‍ നട്ടെല്ലില്ലാത്ത പോലീസാണ് ഫേസ്ബുക്കില്‍ വിമര്‍ശന പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ തടവിലാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിലെ നിര്‍ണായക സ്ഥാനങ്ങള്‍ ആര്‍എസ്എസ് കൈയടക്കി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പോലീസ് നടപടി. അതേസമയം സിപിഎം നിയന്ത്രിത ഇടതുഭരണത്തില്‍ പോലീസിനെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നില്ലെങ്കില്‍ രാജിവെച്ച് നീതിപുലര്‍ത്താനുള്ള ധാര്‍മിക ബോധമെങ്കിലും കാണിക്കണം.
പൗരന്മാരുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങി ആര്‍എസ്എസ് കാര്യാലയത്തിലെ തിട്ടൂരം നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരാരയ കൈയേറ്റങ്ങളും വര്‍ധിക്കുമ്പോള്‍ ആര്‍എസ്എസ്സിനെ സംരക്ഷിക്കുക എന്ന ഒറ്റ അജണ്ടയിലേക്ക് പോലീസ് മാറിയിരിക്കുന്നു. ആര്‍എസ്എസ്സിന്റെ കങ്കാണിപ്പണിക്ക് പോലീസ് മുതിര്‍ന്നാല്‍ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ മുന്നറിയിപ്പ് നൽകി.