പൂക്കളെ തൊട്ടാൽ പൊള്ളും! തീ വില!!
report-on-flowers-price-hike
സ്വന്തം ലേഖകൻ
ഇടുക്കി : പൂക്കൾക്ക് തീവിലയായി മാറിയതോടെ പൂക്കൾ തൊട്ടാൽ പൊള്ളുന്ന നിലയിലെത്തി വിലനിലവാരം. വളരെയേറെ ആവശ്യമുള്ള മുല്ലപ്പൂ അടക്കമുള്ള പുഷ്പങ്ങൾക്കാണ് തീവില. ഒന്നരമാസം മുൻപ് കിലോയ്ക്ക് 1500 രൂപ വിലയുണ്ടായിരുന്ന മുല്ലപൂവിന് ഇപ്പോൾ 4000 രൂപ വരെയാണ് വിപണിയിലെ വില.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ദിവസങ്ങളിൽ ഇത് ഏറിയും കുറഞ്ഞുമിരിക്കും. മുല്ലപ്പൂവിന് പുറമേ മറ്റെല്ലാ പുഷ്പങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. 200 രൂപ വിലയുണ്ടായിരുന്ന അരളി ഇപ്പോൾ വാങ്ങണമെങ്കിൽ 450 രൂപ നൽകണം. ജമന്തിക്കും നൂറ് രൂപ ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ശീലയംപട്ടി മാർക്കറ്റിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് പൂക്കൾ എത്തുന്നത്.
കല്യാണ സീസൺ അടുക്കുമ്പോൾ പൂവിന് വില ഉയരുന്നത് കച്ചവടത്തെ ബാധിക്കുന്നതായാണ് വ്യാപാരികൾ പറയുന്നത്. പുഷ്പം വാങ്ങാനെത്തുന്നവരോട് വില പറഞ്ഞാൽ വാങ്ങാതെ തിരിച്ച് പോകുന്ന സാഹചര്യമുണ്ട്. കച്ചവടം കുറഞ്ഞാൽ ഈ മേഖലയിലെ വ്യാപാരികൾ പ്രതിസന്ധിയിലാകും കച്ചവടക്കാർ പറയുന്നു. വൻതോതിൽ വർധിച്ച വിലകയറ്റത്താൽ മുൻകാലങ്ങളിൽ എത്തിച്ചിരുന്ന അത്ര അളവ് പൂക്കൾ ഇപ്പോൾ കച്ചവടത്തിനായി എത്തിക്കുന്നില്ലന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ഈ മേഖലകളിൽ വ്യാപകമായി മഴ പെയ്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇന്ധന വില വർധനയും മറ്റൊരു കാരണമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഉദ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കല്യാണ സീസണെത്തിയാൽ വില ഇനിയും ഉയരും.
റോസ് ഉൾപ്പെടുന്ന ബാംഗ്ലൂർ ഹൈബ്രിഡ് പൂക്കൾക്കും വില കൂടിയിട്ടുണ്ട്. പത്ത് എണ്ണമുള്ള ഒരു കെട്ട് റോസിന് 500 മുതൽ 550 രൂപ വരെയാണ് മൊത്ത വിപണിയിലെ വില. ജെർബറ 100, ഗാർനിഷ് 350, ഗ്ലാഡിയോലസ് 450 ഡെയ്സി 250 , ജിബ്സോഫില 450 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.