
ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ ഇടനിലക്കാരന്‍; പരാതി പിന്‍വലിക്കാന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത് മൂന്ന് ലക്ഷം രൂപ; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയും മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിശ്രമത്തില്‍
സ്വന്തം ലേഖിക
കൊച്ചി: ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിത്തെ ലഹരി നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ഇടനിലക്കാരന്‍.
പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബര്‍ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി ബിബിന്‍ ജോര്‍ജ്ജാണ് പരാതി പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് യുവതിയോട് പറഞ്ഞിരിക്കുന്നത്. തോപ്പുംപടി സ്വദേശി അജ്മലിനെയും സലിന്‍ കുമാറിനെയും ഒഴിവാക്കണമെന്നാണ് ബിബിന്‍ ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലില്‍വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഐ.ടി. നിയമപ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ബിബിനാണ് യുവതിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. യുവതിയെ വാട്ട്സാപ്പ് വഴി ബന്ധപ്പെട്ടാണ് ബിബിന്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരിയായ മലപ്പുറം സ്വദേശിനിയെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ പൂട്ടിയിടുകയും ലഹരി നല്‍കി പീഡിപ്പിച്ചെന്നുമാണു പരാതി. പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി മുറികള്‍ സീല്‍ ചെയ്തിരുന്നു. തുടര്‍ന്നു യുവതിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.
യുവതിയെ ബിബിന്‍ പരിചയപ്പെടുത്തിയ സംഘമാണു ലൈംഗികമായി പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. ഫൊട്ടോഗ്രാഫര്‍ക്കു ചില തടസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സലിന്‍കുമാറാണു ലോഡ്ജില്‍ താമസം ഒരുക്കിയത്.
തുടര്‍ന്ന് സലിന്‍കുമാര്‍ യുവതിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ അയച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ച തൊട്ടടുത്ത മുറിയിലേയ്ക്കു ക്ഷണിച്ചെങ്കിലും യുവതി പോയില്ല.
തുടര്‍ന്ന് ഇവരുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പിന്നീട് കേസില്‍ മുഖ്യ പ്രതിയായ ആലപ്പുഴ പെരിങ്ങാല മുഹമ്മദ് അജ്മലി (28) നെ തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി, ഇന്‍ഫോപാര്‍ക്ക് സിഐ ടി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട്ടു നിന്ന് പിടികൂടി.
ബലാത്സംഗത്തിനു ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന അജ്മല്‍ ചാവക്കാട്ടെ ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാ ആക്‌ട് പ്രകാരം ഇവിടെ നിന്ന് നാടുകടത്തിയിട്ടുള്ളതാണ്. കാപ്പ ചുമത്തി ജയിലില്‍ അടച്ചിട്ടുണ്ട്. കടവന്ത്ര, കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു.
ലോഡ്ജ് നടത്തിപ്പുകാരി തമിഴ്‌നാട് സ്വദേശിനി
ക്രിസ്റ്റീനയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. മൂന്നു ദിവസത്തെ പീഡനത്തിനു ശേഷം പ്രതികള്‍ കൈവശം വെച്ചിരുന്ന ഫോണ്‍ കൈക്കലാക്കിയ യുവതി ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അതേ സമയം ലോഡ്ജ് നടത്തിപ്പുകാരിയായ ക്രിസ്റ്റീനയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പീഡനത്തിരയായി യുവതി പറയുന്നു. ക്രിസ്റ്റീന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ്. ഇതിന് സഹായിക്കാനായിട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് യുവതിയുടെ ആരോപണം.
എന്നാൽ ഒളിവില്‍ കഴിയുന്ന പ്രതികളായ ഷെമീര്‍, ക്രിസ്റ്റീന എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.