play-sharp-fill
ഗുണ്ടകൾ അരങ്ങുവാണിട്ടും പെറ്റിയടിക്ക് മാത്രം ഒരു കുറവുമില്ല;  ഗുണ്ടകളെയും പൊലീസിനെയും പേടിച്ച് പുറത്തിറങ്ങാനാവാതെ ജനം

ഗുണ്ടകൾ അരങ്ങുവാണിട്ടും പെറ്റിയടിക്ക് മാത്രം ഒരു കുറവുമില്ല; ഗുണ്ടകളെയും പൊലീസിനെയും പേടിച്ച് പുറത്തിറങ്ങാനാവാതെ ജനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാസംഘങ്ങൾ രാപകൽ ഭേദമില്ലാതെ തേർവാഴ്ച തുടരുമ്പോഴും പെറ്റിയടിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പൊലീസ്. ക്രിസ്മസ് ആഘോഷിക്കാൻ ലേശമൊന്ന് മിനുങ്ങി സർക്കാർ ഖജനാവിലേക്കുള്ള തന്റെ സംഭാവന ബിവ്കോയിലോ കെടിഡിസിയിലോ കൊടുത്ത് മൂളിപ്പാട്ടും പാടി വീടണയുന്ന കൂലിപ്പണിക്കാരായ മദ്യപരാണ് ഉത്സവകാലത്ത് പൊലീസിന്റെ സ്ഥിരം വേട്ടമൃഗം. ഹെൽമറ്റ്/ സീറ്റ്ബെൽറ്റ് വേട്ടകളും തകൃതിയാണ്. കഴിഞ്ഞ മാസമാണ് കൊല്ലം കൊട്ടാരക്കരയിൽ കപ്പലണ്ടി തിന്നാൻ മാസ്ക് മാറ്റിയതിന് നിർമ്മാണ തൊഴിലാളിക്ക് പൊലീസ് പിഴ അടിച്ചു നൽകിയത്.


എന്നാൽ ഇതേസമയം മറുവശത്ത് ഗുണ്ടകൾ കുടിപ്പകയും പിടിച്ചുപറിയും പീഡനങ്ങളുമായി കളം നിറയുകയാണ്. തിരുവനന്തപുരം പോത്തൻകോട് കഴിഞ്ഞ ദിവസം രാത്രി കാർ യാത്രക്കാരായ അച്ഛനും മകൾക്കും നേരെ നടുറോഡിൽ വച്ചുണ്ടായ അതിക്രമമാണ് ഏറ്റവും പുതിയ സംഭവം. ഇതും ഒറ്റപ്പെട്ടതെന്ന് നിസ്സാരവത്കരിക്കുകയാണ് അധികൃതർ. ആഴ്ചകൾക്ക് മുൻപാണ് പോത്തൻകോട് സുധീഷ് എന്ന വധശ്രമക്കേസ് പ്രതിയെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ അറുത്തു മാറ്റി വലിച്ചെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും പതിവായിരിക്കുകയാണ്. പട്ടാപ്പകൽ കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് രണ്ട് ബിജെപി നേതാക്കളെ ഒരു മാസത്തിനിടെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് കുടുംബവുമായി നാട്ടിൽ ഇറങ്ങാൻ കഴിയാത്ത ഈ സ്ഥിതിയ്ക്ക് കാരണം പൊലീസും ജില്ലാ കളക്ടർമാരും ഉൾപ്പെടെ വരുത്തിയ കുറ്റകരമായ അനാസ്ഥയാണെന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് 4500 കൊടും ക്രിമിനലുൾ ഉണ്ടെന്നും അതിൽ 1300പേർ ഒരു കൂസലുമില്ലാതെ സംസ്ഥാനത്ത് അഴിഞ്ഞാട്ടം തുടരുകയാണെന്നും ഇന്റലിജൻസ് രേഖകളെ ആസ്പദമാക്കി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൊള്ള, കൊല, ക്വട്ടേഷൻ, മണ്ണ് കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ സ്വയം സംരഭങ്ങളുമായി ഇവർ നാട്ടിൽ വിലസുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഗുണ്ടകളുടെ പ്രധാന പ്രവർത്തനമെന്ന് പൊലീസിലെ ഉന്നതർക്ക് അറിയാമെങ്കിലും ഇവരുടെ രാഷ്ട്രീയ ബന്ധം കാരണം നടപടിയെടുക്കാനാവാത്ത അവസ്ഥയിലാണ് പൊലീസെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലാക്കേണ്ട 145പേരുടെ പട്ടികയാണ് ഈ വർഷം നവംബർ 30 വരെ കളക്ടർമാർക്ക് ജില്ലാ പൊലീസ്‌ മേധാവിമാർ കൈമാറിയത്. എന്നാൽ ഇതിൽ 39പേരെ മാത്രം തടങ്കലിലാക്കാനാണ് ഉത്തരവിട്ടത്. ബാക്കിയുള്ളവർ നാട്ടിൽ സ്വതന്ത്രരായി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തും നടപ്പിലാക്കിയും വിലസുകയാണ്.

കഴിഞ്ഞ വർഷം തടവിലാക്കേണ്ട 150 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 51പേർക്കെതിരെ നടപടിയെടുത്തിരുന്നില്ല. കാപ്പ നിയമപ്രകാരം സ്ഥിരം ക്രിമിനലുകളെ ആറുമാസം മുതൽ ഒരു വർഷം വരെ നാടുകടത്താനുള്ള അധികാരം ഐ ജിമാർക്കുണ്ട്. ഈ വർഷം നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ് പിമാർ നൽകിയെങ്കിലും 117പേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. ബാക്കിയുള്ളവർ രാഷ്ട്രീയ സ്വാധീനത്താൽ നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് വിലസുമ്പോൾ ഗ്രഹപ്പിഴയ്ക്ക് ആരെയാണ് പഴിക്കേണ്ടത് എന്നോർത്ത് നട്ടം തിരിയുകയാണ് ജനം.