play-sharp-fill
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ എസ്  സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു

സ്വന്തം ലേഖിക

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു.


ചെന്നൈയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച്‌ 2009ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്‍റെ സഹായി ആയിട്ടായിരുന്നു .

എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

മലയാളത്തില്‍ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറത്തിറക്കിയിട്ടുള്ള കെ എസ് സേതുമാധവന്‍ തന്‍റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ ‘കണ്ണും കരളും’ നിരവധി സ്ഥലങ്ങളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ ഹിറ്റായി മാറി.

തുടര്‍ന്ന് നിരവധി ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്‍റെ ഏറ്റവും ശ്രദ്ധേയമായ ഓടയില്‍ നിന്ന്,ദാഹം എന്നീ ചിത്രങ്ങള്‍ പുറത്തു വന്നത്.

കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരില്‍ എടുക്കാന്‍ സേതുമാധവന്‍ തീരുമാനിക്കുന്നത്. ജനകീയ സിനിമയായി ഉയര്‍ന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയില്‍ ഏറെ നിരൂപക പ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു ‘ഓടയില്‍ നിന്ന്’, ‘ദാഹം’ എന്നീ ചിത്രങ്ങള്‍.

മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്‍റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്‍റെ പ്രധാന നടനായിരുന്ന സത്യന്‍റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു.

നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ 1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വല്‍സല, മക്കള്‍ സോനുകുമാര്‍,സന്തോഷ്,ഉമ എന്നിവര്‍.