അധ്യക്ഷ പദവിയെച്ചൊല്ലി ഗ്രൂപ്പ് പോരുമൂത്ത കളമശ്ശേരി നഗരസഭയിൽ മുക്കിലും മൂലയിലും കൂടോത്രത്തിന്റെ അവശിഷ്ടങ്ങൾ. ചെമ്പ് തകിടും പനിനീരും കണ്ടെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമായ കളമശ്ശേരി നഗരസഭയിൽ പുതിയ വിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയിൽ ചെമ്പ് തകിടും പനിനീരും കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് ചാടിക്കാനുള്ള കൂടോത്രമാണിതെന്നാരോപിച്ച് നഗരസഭ സെക്രട്ടറി രംഗത്തെത്തി.
അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി ഏറെ കാലമായി കോൺഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോരിൻറെ വേദിയാണ് കളമശ്ശേരി നഗരസഭ. അവിശ്വാസം, രാജി ഭീഷണി രഹസ്യ യോഗം അങ്ങനെ അടിപിടി പലവിധത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. ഒരുമാസത്തെ അവധികഴിഞ്ഞ് ഓഫീസിലെത്തിയ നഗരസഭാ സെക്രട്ടറി സാം ഡേവിഡിൻറെ മുറിയിൽ ഒരു കവർ. തുറന്ന് നോക്കിയപ്പോൾ ചെമ്പ് തകിടും ജപിച്ച പനിനീരും. ഇതോടെ സെക്രട്ടറി റൂമിൽ ഇരിക്കില്ലെന്നായി. ഇത് തന്നെ ലക്ഷ്യമിട്ടുള്ള കൂടോത്രമാണെന്നാണ് സെക്രട്ടറിയുടെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ വിവാദ വിഷയങ്ങളിൽ അനുകൂല തീരുമാനത്തിനായി പലവിധ സമ്മർദ്ദങ്ങൾ തനൻറെ മേലുണ്ടായെന്നും അതിന് വഴങ്ങാതിരുന്നതിലുള്ള പ്രയോഗമാകാം ഇതെന്നുമാണ് സെക്രട്ടറി കരുതുന്നത്. എതായാലും തകിട് പ്രയോഗമാണ് നഗരസഭയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. സാധനം നഗരസഭാ സൂപ്രണ്ട് കസ്റ്റഡിയിലെടുത്തു. പോലീസിൽ പരാതി നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.