play-sharp-fill
ശ്രീധരൻ പിള്ളയുടെ പ്രസംഗം: പരസ്പരം പാരവെച്ച് ഇരുഗ്രൂപ്പുകളും

ശ്രീധരൻ പിള്ളയുടെ പ്രസംഗം: പരസ്പരം പാരവെച്ച് ഇരുഗ്രൂപ്പുകളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോഴിക്കോട്ടെ യുവമോർച്ചവേദിയിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസംഗത്തിന്റെ അലയൊലി സംസ്ഥാന ബി.ജെ.പിക്കകത്ത് അസ്വസ്ഥത വിതയ്ക്കുന്നു. യുവതീപ്രവേശന വിവാദത്തിൽ സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിനകത്തുള്ള നിലപാടുകളും ബി.ജെ.പിയിലെ ആശയക്കുഴപ്പം മൂർച്ഛിപ്പിക്കാൻ വഴിയൊരുക്കുന്നുവെന്നാണ് പാർട്ടിവൃത്തങ്ങളിൽ സംസാരം.


ശബരിമല വിവാദത്തിൽ തീക്ഷ്ണസമരമുഖത്ത് നിന്ന ബി.ജെ.പി അതിലൂടെ കോൺഗ്രസിനേക്കാൾ മേൽക്കൈയുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തിയതാണ്. അതിന് തൊട്ടുപിന്നാലെ യുവമോർച്ച വേദിയിലെ പ്രസംഗവിവാദത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ കുരുങ്ങിയത് തിരിച്ചടിയായി. തന്ത്രി ഫോണിൽ വിളിച്ചെന്ന് പ്രസംഗിച്ച ശ്രീധരൻ പിള്ള പിന്നീട് മാറ്റിപ്പറഞ്ഞതും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യനിലപാട് ആവർത്തിച്ചതുമെല്ലാമാണ് ഇപ്പോൾ ചർച്ചാവിഷയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസംഗത്തിലെ ആരും ശ്രദ്ധിക്കാതിരുന്ന ഭാഗമെടുത്ത് മാദ്ധ്യമശ്രദ്ധയിലെത്തിക്കാൻ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് കരുതുന്ന ശ്രീധരൻ പിള്ളയും അദ്ദേഹത്തോടൊപ്പമുള്ളവരും, ഇതിനെതിരെ പരാതിയുമായി ദേശീയനേതൃത്വത്തെ സമീപിച്ചു. പിള്ളയുടെ വിടുവായത്തമാണ് കുഴപ്പമാകുന്നതെന്ന ആക്ഷേപവുമായി മറുചേരിയും ദേശീയനേതൃത്വത്തിന് മുന്നിലെത്തി. ശബരിമല സമരത്തിൽ സമാനചിന്താഗതിയുള്ള എല്ലാവരെയും കൂട്ടിയിണക്കി സമരമുഖത്ത് നീങ്ങാനുള്ള ദേശീയാദ്ധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശവും അവഗണിക്കപ്പെട്ടെന്ന ആക്ഷേപവും ഇവരുയർത്തുന്നുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണയും നേടിയെടുക്കാനായില്ല.

ശബരിമല സമരത്തിൽ തുലാമാസ പൂജാവേളയിൽ സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രൻ ശ്രദ്ധ നേടിയെടുത്തതിൽ അസ്വസ്ഥരായ ആർ.എസ്.എസ് നേതൃത്വത്തിലെ പ്രബലവിഭാഗം ഇടപെട്ടാണ് ചിത്തിര ആട്ട വിശേഷ ദിവസം വത്സൻ തില്ലങ്കേരിയെ സമരനേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്ന ആക്ഷേപം മുരളീധരവിഭാഗത്തിനുണ്ട്. എന്നിട്ടും സമരമുഖത്ത് സുരേന്ദ്രൻ ഇത്തവണയും സജീവമായി നിന്നു. കുമ്മനം രാജശേഖരന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷപദത്തിലേക്ക് നടന്ന തർക്കത്തിന്റെ തുടർച്ചയായുള്ള നീക്കമായി ഇതിനെയെല്ലാം വ്യാഖ്യാനിക്കുന്നു. വി.മുരളീധരനോടുള്ള ആർ.എസ്.എസ് നേതൃനിരയിലെ പ്രബലരുടെ അനിഷ്ടവും ഇതിലൊരു ഘടകമാണ്. ആർ.എസ്.എസ് നേതൃനിരയിലെ തന്നെ മറ്റൊരു വിഭാഗം പക്ഷേ സമവായനീക്കങ്ങൾ ആഗ്രഹിക്കുന്നവരുമാണ്.ബി.ജെ.പി നേതൃനിരയിലെ ശീതയുദ്ധം ശബരിമല വിഷയത്തെയും ബാധിക്കുന്ന നിലയിലേക്കെത്തുന്നതിൽ ദേശീയ നേതൃത്വവും അസ്വസ്ഥരാണെന്നാണ് വിവരം.