ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രം; ഭൗതിക ശരീരങ്ങള്‍ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു; ഭൗതിക ശരീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി; ആദരം അര്‍പ്പിച്ച്‌ പ്രതിരോധ മന്ത്രിയും സേനാമേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

Spread the love

സ്വന്തം ലേഖിക

ന്യൂഡെല്‍ഹി: തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡെല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി, ഭൗതിക ശരീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മൂന്ന് സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ അന്തരിച്ച 13 പേരുടേയും മൃതദേഹങ്ങള്‍ സുലൂരില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടുമണിയോടെയാണ് സുലൂരിലെ വിമാനത്താവളത്തില്‍ നിന്നു മൃതദേഹങ്ങള്‍ ഡെല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയത്.

ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വിമാനത്താവളത്തിലേക്കു കൊണ്ടുവന്നത്.

8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും സൈനിക മേധാവിമാരടക്കമുള്ളവരും ആദരവ് അര്‍പ്പിച്ചു.

ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡെല്‍ഹിയിലെത്തിക്കുന്നുണ്ട്.

ശ്രിലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേര്‍ന്നിരുന്നു.

ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവില്‍ അറിച്ചിട്ടുള്ളത്. അതിനിടെ, ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ 12.30 വരെ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. 12.30 മുതല്‍ 1.30 വരെ സൈനികര്‍ക്ക് അന്തിമോപചാരത്തിന് അവസരം. ബിപിന്‍ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡ്ഡറിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഡെല്‍ഹിയില്‍ നടക്കും.

വെല്ലിങ്ടണില്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മറ്റു സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മറ്റു സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവരും പങ്കെടുത്തു.

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, ഹവില്‍ദാര്‍ സത്പാല്‍, നായികുമാരായ ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായികുമാരായ വിവേക് കുമാര്‍, ബി.സായ് തേജ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇവര്‍ സഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റര്‍ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് തകര്‍ന്നുവീണത്.