
സ്വന്തം ലേഖകൻ
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൻ്റെ ഏറ്റവും പുതിയ ചിത്രം ‘മരക്കാർ – അറബിക്കടലിൻ്റെ സിംഹം’ ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കോട്ടയം എസ് പി ഡി ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടി കൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് ടെലഗ്രാമിലെ സിനിമ കമ്പനി എന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രചരിപ്പിച്ചത്.
നല്ല പ്രിൻ്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും ആവശ്യപ്പെട്ട് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതു സംബന്ധിച്ചു നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീഫ് തനിക്ക് തെറ്റ് പറ്റിയതായും, മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇടുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് യുവാവിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് സംഘം നസീഫിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മിക്ക ആളുകളും സൈബർ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. കാഞ്ഞിരപ്പള്ളി പൊലീസിൻ്റെ സഹായത്തോടെ ജില്ലാ സൈബർ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.



