പൊടി വേണമെന്ന് പറഞ്ഞപ്പോൾ പുതിയ ചെരുപ്പുമായെത്താം എന്ന് മറുപടി; ചെരുപ്പിൽ ഒളിപ്പിച്ച് ബ്രൗണ്‍ഷുഗര്‍; വിയ്യൂരിൽ തടവുകാരനെ കാണാനെത്തിയ സന്ദര്‍ശകന്‍ പിടിയില്‍
സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ തടവുകാരന് ലഹരി മരുന്ന് നല്‍കാന്‍ ശ്രമിച്ച സന്ദര്‍ശകന്‍ പിടിയില്‍. കരുനാഗപ്പിള്ളി വവ്വാക്കാവ് വരവിളയില്‍ തറയില്‍ തെക്കേതില്‍ ഇജാസാണ്(38) അറസ്‌റ്റിലായത്.
തടവുകാരന്റെ ആവശ്യ പ്രകാരമാണ് ഇയാള്‍ മാരക ലഹരിമരുന്നായ ബ്രൗണ്‍ഷുഗര്‍ ജയിലിലെത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടവുകാരുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയതിലൂടെയാണ് സുപ്രധാന വിവരം ലഭിച്ചത്. വ്യക്‌തമായ പദ്ധതിയോടെ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് ജയിലിലേക്ക് കടത്താന്‍ കഴിഞ്ഞത്. ഇജാസ് തടവുകാരന് നല്‍കാനായി ജയില്‍ അധികൃതര്‍ക്ക് കൈമാറിയ ചെരിപ്പിന്റെ സോള്‍ പൊളിച്ച് ഒളിപ്പിച്ചിരിക്കുക ആയിരുന്നു ബ്രൗണ്‍ഷുഗര്‍.
തടവുകാരന്‍ ഭാര്യയെ വിളിച്ച്, കോണ്‍ഫറന്‍സ് കോള്‍ വഴി ഇജാസിനോട് സംസാരിക്കുകയും ലഹരിമരുന്ന് എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പൊടി വേണമൊന്നായിരുന്നു തടവുകാരന്റെ ആവശ്യം.
പുതിയ ചെരുപ്പുമായി എത്താമെന്നായിരുന്നു ഇജാസിന്റെ മറുപടി. പിന്നാലെയാണ് പരിശോധയില്‍ ചെരിപ്പില്‍ ഒളിപ്പിച്ച ലഹരിമരുന്ന് ലഭിച്ചത്. അതിസുരക്ഷാ ജയില്‍ സൂപ്രണ്ട് ബി സുനില്‍ കുമാറിന്റെ പരാതിപ്രകാരം വിയ്യൂര്‍ പോലീസ് ഇജാസിനെ അറസ്‌റ്റ് ചെയ്‌തു.
നാല് കേസുകളിലും കാപ്പ നിയമ പ്രകാരവും വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് ലഹരി മരുന്ന് എത്തിച്ച് നല്‍കാന്‍ ശ്രമിച്ച ഇജാസ്. ഇയാള്‍ നേരത്തെ വിയ്യൂര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. തടവുകഴിഞ്ഞ് ഫെബ്രുവരിയിലാണ് ഇജാസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയത്.