
സ്വന്തം ലേഖിക
തിരുവനന്തപുരം: ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകള്‍ കളിയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ നേരിടുകയും ചെയ്തെങ്കിലും തൻ്റെ കഴിവില്‍ പൂര്‍ണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്.
തിരുവനന്തപുരത്തെ ആള്‍ദൈവത്തെ ട്രോളി സൈബര്‍ ലോകം ആഘോഷിച്ചപ്പോള്‍ ചിത്രാനന്ദമയിയെ കാണാന്‍ വരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഗറ്റീവ് പബ്ലിസിറ്റി തനിക്ക് തുണയായെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു. മുമ്പ് പല ജോലികള്‍ ചെയ്തിരുന്ന കാലത്തും തൻ്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് ഒരു സാധാരണ വീട്ടമ്മയായിരുന്ന താന്‍ ചിത്രാനന്ദമയി അമ്മയായതെന്ന് അവര്‍ പറയുന്നു.
തൻ്റെ സിദ്ധികള്‍ കൊണ്ട് മറ്റ് മനുഷ്യര്‍ക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ താനിപ്പോഴും വാടകവീട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും അവര്‍ പറയുന്നു.
പൂര്‍വാശ്രമത്തില്‍ ചിത്രകല എന്നായിരുന്നു ചിത്രാനന്ദമായി അമ്മയുടെ പേര്. നെയ്യാറ്റിന്‍കരയ്ക്ക് സമീപം വണ്ടന്നൂരാണ് സ്വദേശം. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സുഹൃത്തുക്കളോട് നടത്തുന്ന പ്രവചനങ്ങളെല്ലാം ശരിയായി വന്നിരുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു.
ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാനായി പല ജോലികളും ചെയ്തിരുന്നു. ഏറെ ദുരിതങ്ങള്‍ അക്കാലത്ത് അനുഭവിച്ചിരുന്നെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനായി ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്.
ആദ്യം പതിമൂന്ന് വര്‍ഷം ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വില്‍ക്കാനും പോയിട്ടുണ്ട്. ഒടുവില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാന്‍ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു.
അക്കാലത്തും അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നു. ഒരു ജോലി സ്ഥലത്തും അധികനാള്‍ തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തോ ഒരു സിദ്ധി തന്നിലുണ്ടെന്ന് അവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാണവര്‍ സ്വയം പറയുന്നത്.
എത്ര തട്ടിപ്പുകളില്‍ വീണാലും പഠിക്കാത്ത ആളുകളുടെ നാട്ടില്‍ ആത്മീയ വ്യാപാരത്തിനുള്ള സാധ്യത തിരിച്ചറിയുന്നവര്‍ക്ക് ലക്ഷങ്ങളാണ് സമ്പാദിക്കാന്‍ കഴിയുന്നത്. ഇരകളാകുന്നവര്‍ക്ക് നഷ്ടപ്പെടുന്നതാകട്ടെ ലക്ഷങ്ങളും.